thrissur-vadookkara-house-burglary-gold-cash-stolen-nedupuzha-police
  • തൃശൂർ വടൂക്കരയിൽ വ്യവസായി ഹസ്സൻ അലിയുടെ വീടുപൂട്ടി വീട്ടുകാർ ആശുപത്രിയിൽ പോയ സമയം നോക്കി 55 പവൻ സ്വർണവും 3.5 ലക്ഷം രൂപയും കവർന്നു.

തൃശൂർ വടൂക്കരയിൽ വീടുപൂട്ടി വീട്ടുകാർ ആശുപത്രിയിൽ പോയ സമയം നോക്കി വൻ കവർച്ച. കൂർക്കഞ്ചേരി വടൂക്കര കുറുപ്പത്ത് തോപ്പ് മസ്ജിദിന് സമീപമുള്ള വ്യവസായി ഹസ്സൻ അലിയുടെ വീട്ടിലാണ് കവർച്ച നടന്നത്. ബാങ്ക് വായ്പ തിരിച്ചടയ്ക്കാനായി സൂക്ഷിച്ചിരുന്ന മൂന്നര ലക്ഷം രൂപയും 55 പവനിലധികം വരുന്ന സ്വർണാഭരണങ്ങളുമാണ് മോഷണം പോയത്. നിലവിലെ വിപണിവില അനുസരിച്ച് ഏകദേശം 60 ലക്ഷത്തിലധികം രൂപയുടെ സ്വർണമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. നെടുംപുഴ പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് അപകടം നടന്നത്.

ഹസ്സൻ അലിയുടെ ഭാര്യയുടെയും മകന്റെയും ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങൾ കൊച്ചിയിലെ ആശുപത്രിയിലായിരുന്നു. വീടിന്റെ പുറത്തെ ഗേറ്റ് താഴെയിട്ട് പൂട്ടിയിരുന്നതിനാൽ വീട്ടിൽ ആളില്ലെന്ന് തിരിച്ചറിഞ്ഞാണ് മോഷ്ടാവ് കവർച്ച ആസൂത്രണം ചെയ്തത്. പുലർച്ചെ ഒന്നരയോടെ എത്തിയ മോഷ്ടാവ് വീടിന്റെ മുൻവശത്തെ വാതിൽ തകർത്താണ് അകത്തുകയറിയത്. 

വീട്ടിൽ തങ്ങിയിരുന്ന കുടുംബനാഥൻ വൈകിട്ട് അഞ്ചരയോടെ വീട് പൂട്ടി ബന്ധുവീട്ടിലേക്ക് ഉറങ്ങാൻ പോയിരുന്നു. തുടർന്ന് രാവിലെ മടങ്ങിയെത്തി വാതിൽ തുറക്കാൻ ശ്രമിച്ചപ്പോഴാണ് കവർച്ച നടന്ന വിവരം പുറത്തറിയുന്നത്. വീടിന്റെ പിൻവശത്തുള്ള മരത്തിലൂടെ കയറി അകത്തു കടക്കാനുള്ള ശ്രമങ്ങൾ നടന്നതായും സമീപവാസികൾ വ്യക്തമാക്കി.

സംഭവത്തിൽ നെടുംപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീടിന്റെ സി.സി.ടി.വി ക്യാമറയിൽ നിന്നും പുലർച്ചെ ഒന്നരയോടെ ഒരാൾ എത്തി വാതിൽ തകർക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സമാന രീതിയിൽ ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ സ്ഥിരം മോഷ്ടാവാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. 

ENGLISH SUMMARY:

A major burglary occurred at the residence of businessman Hassan Ali in Vadookkara, Thrissur, while his family was away for medical treatment in Kochi. The thieves broke through the front door during the early hours of the morning and looted 55 sovereigns of gold jewelry alongside ₹3.5 lakh in cash meant for a bank loan repayment. The total loss from the stolen gold alone is estimated to exceed ₹60 lakh based on current market rates. The Nedupuzha police registered a case and initiated an investigation after CCTV footage captured a suspect forcibly entering the premises around 1:30 AM.