നിലമ്പൂരിലെ കാട്ടുപോത്തുവേട്ട കേസ് ഒതുക്കിതീര്‍ക്കാനുള്ള ശ്രമം, ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചെന്ന സംശയത്താല്‍ പൊതുപ്രവർത്തകനോടും വനംവകുപ്പ് ഉദ്യോസ്ഥരുടെ ക്രൂരത. പ്രതികൾക്കൊപ്പം ചേർന്ന് തെളിവു നശിപ്പിക്കാൻ ശ്രമിച്ചുവെന്ന കുറ്റം ചുമത്തി  പോത്തുകൽ പൂളപ്പാടം സ്വദേശി ബാലകൃഷ്ണനെ റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു. 

ബാലകൃഷ്ണന്‍റെ ഇളയ സഹോദരൻ മരിച്ച ദിവസമാണ് കാട്ടുപോത്തിനെ വേട്ടയാടിയതെന്ന വിവരം പോലും പരിശോധിക്കാതെയാണ് പ്രതിയാക്കിയത്. കേസിൽ നിന്ന് ഒഴിവാക്കാൻ ഒരു ഉദ്യോഗസ്ഥൻ 25000 രൂപ കൈക്കൂലിയും ആവശ്യപ്പെട്ടു.  

ശല്ല്യക്കാരായ കാട്ടുപന്നികളെ വേട്ടയാടുന്നതിനുള്ള വനംവകുപ്പിന്‍റെ  എം പാനൽ പട്ടികയിലുള്ള ഷൂട്ടറായിരുന്നു ബാലകൃഷ്ണൻ. കാട്ടുപോത്ത് വേട്ടയെക്കുറിച്ചുള്ള വിവരം വനം  ഡ്രൈവറായിരുന്ന റഷീദിനു കൈമാറിയത് ബാലകൃഷ്ണനെന്ന സംശയത്തിലാണ് പ്രതികാര നടപടികൾ തുടങ്ങിയത്. വേട്ടയുടെ തെളിവ് നശിപ്പിക്കാനായി ഒരു വീട്ടിലെ സിസിടിവി കേടാക്കി എന്ന വിചിത്രവാദം ഉന്നയിച്ചായിരുന്നു ബാലകൃഷ്ണനെ പ്രതിയാക്കി കേസെടുത്തത്. നാലുദിവസം ജയിലിൽ കിടന്നു.

എന്നാൽ ഇതേ വീട്ടിലെ സിസിടിവി ഒരു ദിവസം പോലും കേടായില്ലെന്ന് കുടുംബം രേഖാമൂലം എഴുതി നൽകിയത് അന്വേഷണ ഉദ്യോഗസ്ഥൻ പരിശോധിച്ചതേയില്ല.  ജോലിയിൽ നിന്ന് പിരിച്ചുവിട്ട താൽക്കാലിക ഡ്രൈവർ റഷീദിന് ഇറച്ചി നൽകിയെന്ന് മൊഴി നൽകാനും നിർബന്ധിച്ചു.

കേസിൽ നിന്ന് ഒഴിവാക്കാൻ മകളുടെ ഭർത്താവിനോട് 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതും ഒരുദ്യോഗസ്ഥനാണ്. വേട്ട നടന്നുവെന്ന് കണ്ടെത്തിയ 2024 ജനുവരി 8  നാണ് ബാലകൃഷ്ണന്‍റെ സഹോദരൻ പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ വച്ച് മരിച്ചത്. അതിനു മുൻപുള്ള മൂന്നു ദിവസവും ഇതേ ആശുപത്രിയിൽ വെന്‍റിലേറ്റിലായിരുന്നു. അച്ഛനും ഗുരുതരാവസ്ഥയിൽ. ബാലകൃഷ്ണന്‍റെ സഹോദരനും അച്ഛനും അടുത്തടുത്ത ദിവസങ്ങളിൽ മരിക്കുകയും ചെയ്തു.  ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ കാട്ടുപോത്തു വേട്ട നടക്കുമ്പോൾ ബാലകൃഷ്ണൻ എവിടെയായിരുന്നുവെന്ന് കണ്ടെത്താനാകും. ഇതൊന്നും നോക്കാത ചില വനം ഉദ്യോഗസ്ഥരുടെ പകപോക്കലിനായി ഒരാളെ കേസിൽ പ്രതിയാക്കി. നാലുദിവസം ജയിലിൽ അടച്ചു.

Nilambur poaching case details reveal alleged attempts to cover up a wild buffalo hunt in Kerala, leading to accusations of cruelty by forest department officials.: