കൊച്ചി പാലാരിവട്ടത്ത് ഇതര സംസ്ഥാനക്കാരായ സ്‌ത്രീകളെ വിവസ്ത്രരാക്കി കവർച്ച നടത്തിയ കേസിൽ ആറു പേർ പിടിയിൽ. മൂന്നു മലയാളികളും മൂന്ന് ഉത്തരേന്ത്യൻ സ്വദേശികളുമാണ് പിടിയിലായത്. മസാജ് സെന്‍റർ നടത്തിപ്പിനെ തുടർന്നുണ്ടായ സാമ്പത്തിക തർക്കമാണ് കവർച്ചയിലേക്ക് നയിച്ചത്.
വ്യാഴാഴ്ച പുലർച്ചയോടെയാണ് പാലാരിവട്ടത്ത് ഉത്തരേന്ത്യക്കാരായ നാല് പുരുഷൻമാരെയും മൂന്ന് സ്ത്രീകളെയും ആയുധം കാട്ടി ഭീഷണിപ്പെടുത്തി അഞ്ചംഗ സംഘം കവർച്ച നടത്തിയത്. സ്ത്രീകളെ വിവസത്രരാക്കി സ്വർണവും, യു.പി.ഐ ട്രാൻസാക്ഷനിലൂടെ പണവും, പത്ത് മൊബൈൽ ഫോണുകളും കവർന്ന ശേഷം അഞ്ചംഗ സംഘം കടന്നു കളയുകയായിരുന്നു.
പരാതിക്കാരുടെ മൊഴിയിൽ നിന്ന് കവർച്ചയ്ക്ക് പിന്നിൽ കൃത്യമായ അസൂത്രണം നടന്നിട്ടുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചു. കവർച്ചയ്ക്ക് ഇരായായവരും പിടിയിലായ പ്രതികളിൽ രണ്ടു പേരും ചേർന്ന് നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ നിയമവിരുദ്ധ മസാജ് പാർലറുകൾ നടത്തിയിരുന്നു. എട്ട് മാസം മുമ്പ് ഇവർക്കിടയിൽ സാമ്പത്തിക തർക്കമുണ്ടായി.
കവർച്ചയ്‌ക്ക് ഇരയായവരിൽ ചിലർ പാലാരിവട്ടം പൈപ്പ്‌ലൈൻ റോഡിൽ വീണ്ടും നിയമവിരുദ്ധ മസാജ് പാർലർ ആരംഭിച്ചു. ഇതോടെ തങ്ങൾക്ക് ലഭിക്കാനുള്ള തുക കിട്ടാനായി പ്രതികള്‍ കവർച്ച ആസൂത്രണം ചെയ്‌തു. തുടർന്ന് അഞ്ചംഗ ക്വട്ടേഷൻ സംഘത്തെ കവർച്ച നടത്താൻ ഏൽപിക്കുകയായിരുന്നു. പിടിയിലായ പ്രതികളിൽ നിന്ന് കവർച്ച ചെയ്ത ഫോണുകളും, കുറച്ചു പണവും കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ അഞ്ച് പേരുടെ പേരിൽ ക്രിമിനൽ കേസുകളുണ്ട്. മലയാളിയായ ഒരു പ്രതിയെ കൂടി പിടികൂടാനുണ്ട്. പിടിയിലായ പ്രതികളുമായി തിരച്ചറിയിൽ പരേഡ് നടത്തും.