കടം നൽകിയ പണം തിരികെ ചോദിച്ചതിന്‍റെ വൈരാഗ്യത്തിൽ കാസർകോട് മധൂരിൽ യുവാവിനെ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. മധൂർ കോട്ടക്കണ്ണി സ്വദേശി അമാൻ ഷിഹാബിനാണ് ക്രൂരമായ മർദ്ദനമേറ്റത്. സുഹൃത്തായ പട്‌ല അഷ്‌റഫിന്‍റെ കൂട്ടാളികളാണ് ആക്രമണത്തിന് പിന്നിലെന്ന് അമാനും കുടുംബവും ആരോപിച്ചു. ബുധനാഴ്ച വൈകുന്നേരത്തോടെ അമാനെ കാറിൽ തടഞ്ഞുനിർത്തിയ ശേഷം സ്വന്തം വാഹനത്തിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി മർദ്ദിച്ച് വഴിയരികിൽ ഉപേക്ഷിക്കുകയായിരുന്നു.
കടം നൽകിയതിന്‍റെ രേഖകളും കണക്കുകളും സൂക്ഷിച്ചിരുന്ന അമാൻ ഷിഹാബിന്‍റെ ഫോണുകൾ പ്രതികൾ ബലമായി കൈക്കലാക്കി. തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായി അമാന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ച് ഇയാൾക്കെതിരെ മോശമായ രീതിയിലുള്ള വ്യാജ പ്രചാരണങ്ങളും സ്റ്റാറ്റസുകളും പ്രതികൾ പ്രചരിപ്പിക്കുന്നതായും ആരോപണമുണ്ട്. മർദ്ദനത്തിന് ശേഷം അമാനെ ഇന്ന സ്ഥലത്ത് ഉപേക്ഷിച്ചിട്ടുണ്ടെന്ന് സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് അറിയിച്ച ശേഷമാണ് ആക്രമികൾ കടന്നുകളഞ്ഞത്.
സംഭവത്തിൽ കാസർകോട് വിദ്യാനഗർ പോലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് അമാന്‍റെ ഭാര്യയും കുടുംബവും ആരോപിച്ചു. പ്രതികൾക്കെതിരെ ഗുരുതരമായ കുറ്റങ്ങൾ ചുമത്തി കേസെടുക്കണമെന്നും, തട്ടിയെടുത്ത ഫോണുകളും രേഖകളും വീണ്ടെടുക്കണമെന്നുമാണ് കുടുംബത്തിന്‍റെ ആവശ്യം. സംഭവത്തിൽ വിദ്യാനഗർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.