അസമിലെ കാംരൂപ് ജില്ലയിലെ രംഗിയ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടൽ മുറിയിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സൊനിത്പൂർ അസുർമാരിഗാവ് സ്വദേശിനിയായ മാലിനി ഗുരിയ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് അഭിജിത് കിന്ദോയെ രംഗിയ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച വൈകുന്നേരമാണ് അഭിജിത് ഹോട്ടലിൽ രണ്ട് മുറികൾ എടുത്തത്. തന്റെ മൂന്ന് സുഹൃത്തുക്കൾ ഒരു മുറിയിലും താൻ മറ്റൊന്നിലും താമസിക്കുമെന്നാണ് ഇയാൾ ഹോട്ടൽ അധികൃതരെ അറിയിച്ചിരുന്നത്. എന്നാൽ ഞായറാഴ്ച രാവിലെ മറ്റൊരു മുറിയിലുണ്ടായിരുന്ന രണ്ട് യുവതികൾ മുറി ഒഴിഞ്ഞുപോകുമ്പോൾ മാലിനിയെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരിച്ചില്ല. തുടർന്ന് സംശയം തോന്നിയ ഇവർ ഹോട്ടൽ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
ഹോട്ടലുടമ ധ്രുവജ്യോതി സലോയ് ചെന്നു മുട്ടിയിട്ടും അഭിജിത് മുറി തുറക്കാൻ തയ്യാറായില്ല. തുടർന്ന് ഹോട്ടലുടമ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. രംഗിയ പോലീസ് സ്ഥലത്തെത്തി മുറി നിർബന്ധപൂർവം തുറപ്പിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ മാലിനിയുടെ മൃതദേഹം കട്ടിലിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. ഫാനിൽ തുണി തൂക്കിയിട്ട നിലയിലും, കത്രികയും സ്ക്രൂഡ്രൈവറുമായി പ്രതി കട്ടിലിൽ ഇരിക്കുന്നതുമാണ് പോലീസ് കണ്ടത്.