ഇടുക്കി അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ചത് കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം. മരണത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.
അഫ്സൽ സാന്ദ്ര ദമ്പതികളുടെ ഒരുവയസുകാരയ മക്കൾ ഇഹാനെയും റിഹാനെയും ഇന്നലെ രാത്രി 9.30 ടെയാണ് അവശനിലയിൽ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ചികിത്സ നൽകിയെങ്കിലും കുട്ടികളുടെ ജീവൻ രക്ഷിക്കാനായില്ല. രാത്രി പൊലീസ് ഒഴുകത്തടത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ കീടനാശിനി കുപ്പിയിൽ നിന്ന് ദ്രാവകം പുറത്തേക്ക് ഒഴുകി തറയിൽ വീണതായി കണ്ടെത്തി.
പവർക്കട്ടിന്റെ സമയത്ത് കീടനാശിനി അബദ്ധത്തിൽ കുട്ടികളുടെ ഉള്ളിൽ ചെന്നതാകമെന്നാണ് മാതപിതാക്കളുടെ മൊഴി. ഇരുവരും രണ്ടുമാസം മുമ്പാണ് ഒഴുകത്തടത്ത് വാടകയ്ക്ക് താമസിക്കാനെത്തിയത്. വീട്ടിൽ ഫൊറൻസിക് സംഘം നടത്തിയ പ്രാഥമിക പരിശോധനയിൽ സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രാഥമിക പോസ്റ്റ്മോർട്ടം പരിശോധന ഫലം വന്നെങ്കിൽ മാത്രമേ മരണത്തിൽ വ്യക്തത വരികയുള്ളൂ.