ദേശീയ ജലപാതയുടെ ഭാഗമായ വടകര–മാഹി കനാലിന്റെ പ്രവൃത്തിക്കായി എത്തിച്ച കൂറ്റൻ ബാർജുകൾ ഇരുചെവി അറിയാതെ മോഷ്ടിച്ചുകടത്തി പല കഷണങ്ങളാക്കി ആക്രിക്കടയിൽ വിൽപ്പന നടത്തിയ സംഘത്തിലെ ഒരാളെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. ബാർജ് ഓപ്പറേറ്ററും ഗ്യാസ് കട്ടിങ് സ്ഥാപന ഉടമയും ആക്രിക്കടക്കാരനുമടക്കം ഗൂഢാലോചന നടത്തിയാണ് 30 ലക്ഷം രൂപയുടെ രണ്ടു ബാർജുകൾ മോഷ്ടിച്ചതെന്നാണ് പരാതി. ബാർജിൽ സ്ഥാപിച്ചിരുന്ന മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്റർ ആന്ധ്രപ്രദേശ് സ്വദേശി ബി. രാജുവാണ് അറസ്റ്റിലായത്. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടങ്ങി.

ആസൂത്രിത മോഷണം– ആർക്കും സംശയമില്ലാതെ

കൊച്ചി പാലാരിവട്ടം സ്വദേശിയായ ജി. ബാലകൃഷ്ണൻ നായരാണ് വടകര-മാഹി കനാലിന്റെ കല്ലേരി മുതൽ കണിയാംവള്ളി വരെയുള്ള ഭാഗം ആഴം കൂട്ടുന്നതിന് കരാറെടുത്തത്. കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ചുവപ്പുനാടയിൽ കുടുങ്ങിയതോടെ എട്ടുമാസമായി പണികൾ നിർത്തിവച്ചിരിക്കുകയാണ്. മണ്ണുമാന്തി യന്ത്രങ്ങളും അവ ഉറപ്പിക്കുന്ന ബാർജുകളും (കൂറ്റൻ ഇരുമ്പ് പ്ലാറ്റ്ഫോമുകൾ) കല്ലേരി അമ്പലത്തിനു സമീപമാണ് സൂക്ഷിച്ചിരുന്നത്. 

ഓണാവധിക്കാലത്ത് ബാർജുകൾ മണ്ണുമാന്തി യന്ത്രം ഓപ്പറേറ്ററായിരുന്ന രാജുവിന്റെ നേതൃത്വത്തിൽ കടത്തിക്കൊണ്ടുപോയെന്നാണ് ബാലകൃഷ്ണൻ നായരുടെ പരാതി. ഇക്കാര്യം സമീപവാസികൾ ശരിവയ്ക്കുകയും ചെയ്തതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.

അവധിസമയത്ത് ക്രെയിൻ എത്തിച്ച് കനാലിൽ കിടന്നിരുന്ന ബാർജുകൾ വലിച്ചുകയറ്റി. പിന്നീട് ലോറിയിൽ കയറ്റിക്കൊണ്ടുപോയി. ഗ്യാസ് കട്ടർ ഉപയോഗിച്ച് പലഭാഗങ്ങളായി മുറിച്ചുമാറ്റിയ ശേഷം വടകരയിലെത്തന്നെ ആക്രിക്കടയിൽ വിൽപ്പന നടത്തുകയായിരുന്നു. കനാൽ പണിക്കെത്തിയ രാജുതന്നെ ബാർജുകൾ കരയിലേക്കു കയറ്റുന്നതിന് നേതൃത്വം കൊടുത്തിരുന്നതിനാൽ നാട്ടുകാരും സംശയിച്ചില്ല. ഇയാളെ മാസങ്ങൾക്കു മുൻപ് ജോലിയിൽനിന്ന് കരാറുകാരൻ പുറത്താക്കിയിരുന്നു.

കഴിഞ്ഞ ശനിയാഴ്ച സ്ഥലത്തെത്തിയപ്പോഴാണ് ബാർജുകൾ കാണാനില്ലെന്ന് ബാലകൃഷ്ണൻ മനസ്സിലാക്കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാജുവും സ്ഥിരമായി ജോലികൾക്കായി പുറത്തുനിന്ന് വിളിക്കുന്ന ക്രെയിൻ ഓപ്പറേറ്ററും ഗ്യാസ് കട്ടിങ് സ്ഥാപന ഉടമയുമടക്കമുള്ളവരുടെ നേതൃത്വത്തിലാണ് ബാർജ് കടത്തിയതെന്ന് വ്യക്തമായത്. 

തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. മുറിച്ചുമാറ്റിയ ബാർജിന്റെ ഭാഗങ്ങൾ കണ്ടെടുക്കാനായിട്ടില്ല. മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്റർക്കു പുറമെ ക്രെയിൻ എത്തിച്ചയാൾ, ഗ്യാസ് കട്ടർ സ്ഥാപനത്തിന്റെ ഉടമ, ആക്രി കച്ചവടക്കാരൻ അടക്കമുള്ളവരും കേസിൽ പ്രതികളാണ്.

ENGLISH SUMMARY:

Vadakara police have arrested B. Raju, a machine operator from Andhra Pradesh, for his involvement in stealing two massive iron barges worth ₹30 lakh used for the Vadakara-Mahi canal project. The theft took place during the Onam holidays when the contractor had halted work due to pending administrative approvals. Exploiting his familiarity with the site, the accused brought in cranes to haul the barges out of the water, loaded them onto trucks, and cut them into pieces using gas cutters for scrap. Police have registered cases against the crane operator, gas cutting unit owner, and a scrap dealer who were all allegedly involved in the conspiracy.