ai-image-assault

എഐ നിര്‍മിത പ്രതീകാത്മക ചിത്രം/AI-generated representative image

  • ഹോസ്ദുര്‍ഗില്‍ 39 വയസുള്ള ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്കുനേരെ വധശ്രമവും ലൈംഗികാതിക്രമവും നടത്തിയെന്ന് പരാതി; എഫ്ഐആറില്‍ രണ്ട് കുറ്റങ്ങളുമില്ല. എസ്പിക്ക് പരാതി നല്‍കിയ യുവതി. പരാതിക്കാരിയുടേത് നടുക്കുന്ന ആരോപണങ്ങള്‍.

കാസര്‍ഗോഡ് ഹോസ്ദുര്‍ഗില്‍ ട്രാന്‍സ് ജെന്‍ഡര്‍ യുവതിയെ സഹോദരനും സുഹൃത്തും ചേര്‍ന്ന് ആക്രമിച്ച കേസില്‍ പൊലീസിന് ഗുരുതരവീഴ്ചയെന്ന് പരാതി. തിങ്കളാഴ്ച ഉച്ചയ്ക്കാണ് മുപ്പത്തൊന്‍പതുകാരിയെ വീട്ടില്‍ക്കയറി ആക്രമിച്ചത്. യുവതിയുടെ സുഹൃത്ത് വീട്ടിലുള്ളപ്പോഴാണ് സഹോദരനും മറ്റൊരാളും അതിക്രമിച്ചുകയറി ആക്രമണം നടത്തിയത്. സഹോദരന്‍ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച ശേഷം നിലത്ത് വലിച്ചിട്ട് കഴുത്തില്‍ ചവിട്ടി. വസ്ത്രങ്ങള്‍ വലിച്ചുകീറിയെന്നും യുവതി ജില്ലാ പൊലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ പറയുന്നു.

സഹോദരനൊപ്പം വന്നയാള്‍ വയറ്റില്‍ കയറിയിരുന്ന് മാറിടത്തില്‍ കടിച്ചുകീറാന്‍ ശ്രമിച്ചെന്നും യുവതി ആരോപിച്ചു. ‘ശസ്ത്രക്രിയ നടത്തിയ ഭാഗത്താണ് ഇത്തരം ആക്രമണമുണ്ടായത്. കമ്പിവടി കൊണ്ട് സ്വകാര്യഭാഗത്ത് കുത്താനും ശ്രമിച്ചു. തുടര്‍ന്ന് പ്രതികള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു.  എതിര്‍ത്തപ്പോള്‍ കമ്പിവടി കൊണ്ട് വീട്ടിലുണ്ടായിരുന്ന ടിവി അടിച്ച് പൊട്ടിക്കുകയും ചെടിച്ചട്ടികള്‍ എറിഞ്ഞുടയ്ക്കുകയും ചെയ്തു.’

പ്രതികള്‍ വീട്ടിലേക്ക് വരുന്നത് കണ്ടപ്പോള്‍ത്തന്നെ ട്രാന്‍സ്ജെന്‍ഡര്‍ കമ്യൂണിറ്റിയിലെ സുഹൃത്തുക്കളെ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. അവര്‍ എത്തുമ്പോള്‍ വിവസ്ത്രയായി വീട്ടില്‍ നിന്നിറങ്ങി ഓടുന്ന തന്നെയാണ് കണ്ടതെന്ന് പരാതിക്കാരി പറയുന്നു. പ്രതികള്‍ ഈസമയം ഫോണ്‍ പിടിച്ചുവാങ്ങാനും ശ്രമിച്ചിരുന്നു. പിടിവലിക്കിടെ സ്വര്‍ണമാല പൊട്ടുകയും ചെയ്തു. സുഹൃത്തുക്കള്‍ ഉടന്‍ കാഞ്ഞങ്ങാട് താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കി. അവിടെ നിന്ന് ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തി പരാതിയും നല്‍കി.

hosdurg-police-station

എന്നാല്‍ പരാതിയില്‍ പറഞ്ഞ വിഷയങ്ങളൊന്നും എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയില്ലെന്നാണ് ട്രാന്‍സ് യുവതിയുടെ ആരോപണം. വധശ്രമം, ബലാല്‍സംഗ ശ്രമം തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ചുമത്താതെയാണ് എഫഐആര്‍ റജിസ്റ്റര്‍ ചെയ്തതെന്ന് അവര്‍ പറയുന്നു. ഭാരതീയ ന്യായസംഹിതയുടെ 333 (വീട്ടില്‍ അതിക്രമിച്ചുകടന്ന് ആക്രമിക്കല്‍), 126(2) (അന്യായമായി തടഞ്ഞുവെക്കൽ), 115(2) (മനഃപൂർവം ദേഹോപദ്രവം ഏൽപ്പിക്കൽ), 118(1) (ആയുധങ്ങള്‍ ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ), 74 (സ്ത്രീത്വത്തെ അപമാനിക്കല്‍), 351(2) (ഭീഷണിപ്പെടുത്തൽ), 324(2) (വസ്തുവകകൾ നശിപ്പിക്കൽ) 3(5) സംഘംചേര്‍ന്നുള്ള കുറ്റകൃത്യം) എന്നിവയും ട്രാൻസ്‌ജെൻഡർ ആക്ട് 18(d) വകുപ്പും ആണ് എഫ്ഐആറില്‍ ഉള്ളത്.

വധശ്രമവും ബലാല്‍സംഗശ്രമവും ഒഴിവാക്കയതുകാരണം പ്രതികള്‍ക്ക് തൊട്ടടുത്ത ദിവസം തന്നെ ജാമ്യം ലഭിച്ചെന്ന് പരാതിക്കാരി പറയുന്നു. ഇത് പൊലീസിന്‍റെ ഗുരുതര വീഴ്ചയാണെന്ന് എസ്പി നിതിന്‍ രാജിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തി തുടര്‍നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

പരാതിക്കാരിയായ യുവതി രണ്ടുവര്‍ഷത്തിലേറെയായി ഹോസ്ദുര്‍ഗിലെ വാടകവീട്ടില്‍ ഒറ്റയ്ക്കാണ് താമസം. പ്രതിയായ സഹോദരന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കാപ്പ ചുമത്തപ്പെട്ടയാളാണെന്ന് പരാതിയില്‍ പറയുന്നു. ഏറെക്കാലമായി സഹോദരനുമായി അകല്‍ച്ചയിലാണ്. മുന്‍പും പലവട്ടം പൊതുസ്ഥലങ്ങളില്‍ വച്ച് ആക്രമിച്ചിട്ടുണ്ട്. സഹോദരന്‍ ആയതുകൊണ്ടാണ് അപ്പോഴൊന്നും പരാതിപ്പെടാതിരുന്നതെന്ന് അവര്‍ പറയുന്നു. ലൈംഗികാതിക്രമം കാട്ടിയ ആളെ മുന്‍പരിചയമില്ലെന്നും ഇനി കണ്ടാല്‍ തിരിച്ചറിയുമെന്നും അവര്‍ വ്യക്തമാക്കി. 

Kanhangad Transgender Assault: FIR Omits Attempted Murder and Sexual Abuse Charges, Victim Alleges Police Lapse:

A 39-year-old transgender woman was brutally assaulted at her rented residence in Hosdurg, Kanhangad, allegedly by her estranged brother and an unidentified associate. The victim reported sustained physical abuse, including being struck on the head with an iron rod, stomped on the neck, and subjected to severe sexual assault targeted at her surgically altered chest. She filed a petition with Kasaragod District Police Chief Nithin Raj, alleging grave lapses by the Hosdurg police for omitting charges of attempted murder and attempted rape from the initial FIR. The dilution of the penal charges reportedly facilitated prompt bail for the accused perpetrators, leading the victim to formally demand an exhaustive inquiry and the addition of stringent statutory provisions.