മൂന്നു വർഷം കൊണ്ട് രണ്ടു ജീവനക്കാർ കടത്തിയത് അറുപതു ലക്ഷം രൂപയുടെ ലാപ്ടോപ്പുകളും ഐഫോണുകളും. കോട്ടയം നാഗമ്പടത്തെ റിലയൻസ് ഡിജിറ്റൽ ഷോപ്പിലായിരുന്നു കവർച്ച. ഷോപ്പിൽനിന്ന് ഡിജിറ്റൽ ഗാഡ്ജറ്റുകൾ കവർന്ന രണ്ടു ജീവനക്കാരെ പൊലീസ് പിടികൂടി. പേരൂർ സ്വദേശി ക്രിസ്റ്റി, ചങ്ങനാശ്ശേരി സ്വദേശി പ്രിൻസ് എന്നിവരാണ് പിടിയിലായത്.
എഴുപത്തിയൊന്ന് ലാപ്ടോപ്പും മൂന്ന് ഐഫോണുകളും നാല് ഐപാഡുകളുമാണ് കവർന്നത്. ക്രിസ്റ്റിയും പ്രിൻസും മൂന്നു വർഷമായി മോഷണം നടത്തുകയായിരുന്നെന്ന് കണ്ടെത്തി.
മോഷ്ടിച്ച സാധനങ്ങൾ കൊച്ചിയിലാണ് മറിച്ചുവിറ്റത്. കഴിഞ്ഞ ദിവസം സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നതെന്ന് ഗാന്ധിനഗർ പൊലീസ് അറിയിച്ചു.