thamarassery-raid-liquor-and-bullets-seized
  • താമരശേരി കമ്മാളന്‍കുന്നത്തെ അടച്ചിട്ട വീട്ടില്‍ വിദേശമദ്യവും തിരകളും
  • 60 കുപ്പി മദ്യവും എഴുപതോളം വെടിയുണ്ടകളും കണ്ടെത്തി
  • ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

താമരശ്ശേരി കമ്മാളൻകുന്നത്തിലെ അടച്ചിട്ട വാടകവീട്ടിൽ നടത്തിയ റെയ്ഡിൽ വൻ വിദേശമദ്യശേഖരവും എഴുപതിലേറെ വെടിയുണ്ടകളും പൊലീസ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച അർധരാത്രി താമരശ്ശേരി പൊലീസും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 60 കുപ്പി വിദേശമദ്യവും എംപാനൽ ഷൂട്ടർമാർ ഉപയോഗിക്കുന്ന തരത്തിലുള്ള വലിയ വെടിയുണ്ടകളും കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വീട് വാടകയ്ക്കെടുത്ത് താമസിച്ചിരുന്ന നെല്ലിപ്പൊയിൽ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വ്യത്യസ്ത സ്ഥലങ്ങളിൽനിന്ന് എത്തിക്കുന്ന വിദേശമദ്യം നിയമവിരുദ്ധമായി വിൽപന നടത്തുന്നതിനാണ് ഇവിടെ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പ്രാഥമികമായി സ്ഥിരീകരിച്ചു. എന്നാൽ, എംപാനൽ ഷൂട്ടർമാർ മൃഗങ്ങളെ വേട്ടയാടാനും മറ്റും ഉപയോഗിക്കുന്ന തരത്തിലുള്ള എഴുപതോളം മാരകമായ വെടിയുണ്ടകൾ എന്തിനാണ് ഇവിടെ ശേഖരിച്ചതെന്ന കാര്യം വ്യക്തമായിട്ടില്ല. 

പരിശോധനയിൽ വെടിയുണ്ടകൾ കണ്ടെത്തിയെങ്കിലും അവ ഉപയോഗിക്കുന്ന തോക്ക് സംഭവസ്ഥലത്തുനിന്ന് ലഭിച്ചിട്ടില്ല. വീടുടമയെ ചോദ്യം ചെയ്തതിൽനിന്നാണ് നെല്ലിപ്പൊയിൽ സ്വദേശിക്ക് വീട് വാടകയ്ക്ക് നൽകിയതാണെന്ന വിവരം പൊലീസിന് ലഭിച്ചത്.

തോക്ക് കണ്ടെത്താനും വെടിയുണ്ടകൾ സമാഹരിച്ചതിനു പിന്നിലെ യഥാർത്ഥ ലക്ഷ്യം കണ്ടെത്താന്‍ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വന്യമൃഗവേട്ടയ്ക്കോ അതോ മറ്റ് കുറ്റകൃത്യങ്ങൾക്കോ വേണ്ടിയാണോ ആയുധശേഖരണം നടത്തിയതെന്ന കാര്യവും പൊലീസ് അന്വേഷിച്ചുവരികയാണ്.  

ENGLISH SUMMARY:

A joint operation by the Thamarassery Police and Excise teams led to a midnight raid on a rented house at Kammalankunnu near Thamarassery. Authorities seized 60 bottles of foreign liquor alongside over 70 high-caliber bullets typically used by empanelled shooters. A resident hailing from Nellippoyil was taken into custody in connection with the seizure, while property ownership details confirmed the location was rented out. Investigations are underway to locate the missing firearm and determine whether the ammunition was intended for illegal wildlife poaching or other organized criminal activities.