കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ സിറിഞ്ച് കൊണ്ട് കുത്തി പരുക്കേൽപ്പിച്ച നാല് പേർ പിടിയിൽ. പ്രതികളെല്ലാം ലഹരി സംഘത്തിലെ കണ്ണികളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പൂളക്കടവ് സ്വദേശി ബെന്നി ലോയ്ഡ്, പരപ്പിൽ സ്വദേശി രജാദ്, രാമനാട്ടുകര സ്വദേശി നന്ദകുമാർ, ചാലപ്പുറം സ്വദേശി അദ്നുൽ ഹാഷീം ,എന്നിവരാണ് പിടിയിലായത്. മാനാഞ്ചിറ സ്ക്വയറിൽ ശനിയാഴ്ച രാത്രി ഏഴരയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ചിലർ അനധികൃത പണപ്പിരിവ് നടത്തുന്നു എന്ന പരാതിയെത്തുടർന്ന് അന്വേഷിക്കാനെത്തിയതായിരുന്നു ടൗൺ പൊലീസ്. സംശയാസ്പദമായ സാഹചര്യത്തിൽ ആറംഗ സംഘത്തെ പൊലീസ് കണ്ടു. ചോദ്യം ചെയ്യലിനിടയിൽ പ്രതികളിൽ ഒരാൾ കയ്യിലുണ്ടായിരുന്ന സിറിഞ്ചുകൊണ്ട് എം.എസ്.പി സേനാംഗമായ ആദർശിന്റെ വലതു കൈപ്പത്തിയിൽ കുത്തിപ്പരിക്കേൽപ്പിച്ചു. ആക്രമണത്തിന് ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് നാല് പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിൽ ആയ നാലുപേരും സ്ഥിരം ലഹരി ഉപയോഗിക്കുന്നവരും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളുമാണ്. രക്ഷപ്പെട്ട രണ്ടു പേർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.