പൊലീസ് ചമഞ്ഞ് ലഹരി ഇടപാട് നടത്തിയ യുവാവ് കോഴിക്കോട് പിടിയില്‍. സബ്ബ് ഇന്‍സ്പെക്ടര്‍ എന്ന വ്യാജേന നഗരത്തില്‍ പലയിടത്തും റെയ്ഡ് നടത്തി വിറപ്പിച്ച ചുങ്കം സ്വദേശി റോജിത്തിനെയാണ് ഒര്‍ജിനല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഡാന്‍സാഫ് എസ്ഐയുടെ വേഷത്തിലായിരുന്നു റോജിത്തിന്‍റെ തട്ടിപ്പ്. പൊലീസ് വേഷം ധരിച്ച് പലയിടത്തും റെയ്ഡ് നടത്തും. ലഹരിയും പണവും പിടികൂടും. കിട്ടിയ പണം പോക്കറ്റിലാക്കും. ലഹരിയാകട്ടെ മറിച്ചുവില്‍ക്കും. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ച് കൃത്യമായ സൂചനകള്‍ ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ വൈദ്യരങ്ങാടി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് റോജിത്തിനെ കയ്യോടെ പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്ന്  പൊലീസ് എസ്ഐയുടെ ഐഡി കാര്‍ഡും എയര്‍ പിസ്റ്റളും കൈ വിലങ്ങും കണ്ടെടുത്തു. കൂടുതല്‍ പരിശോധനയില്‍  എംഡിഎംഎയും പിടിച്ചെടുത്തു.  

റോജിത്തിന് പൊലിസ് യൂണിഫോമും കൈവിലങ്ങും എയര്‍ പിസ്റ്റളും സംഘടിപ്പിക്കാന്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. നിലവില്‍ പ്രതി തനിച്ചാണ് ഇവയെല്ലാം ചെയ്തത് എന്നാണ് നിഗമനം. 

ENGLISH SUMMARY:

A fake police officer in Kozhikode was arrested for engaging in drug deals while impersonating an official. The individual, posing as a Sub-Inspector, conducted raids and seized drugs and money, before being apprehended by the real police.