AI Generated Image
മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഒരേ യുവതിയ പ്രണയിച്ചതിന്റെ പേരിലുള്ള തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഇരുപത്തേഴുകാരനായ ഗൗരവ് റാഗ്ഡെയാണ് സുഹൃത്തും ഗുണ്ടയുമായ ഗൗരവ് റാംഭാവു റാവുത്തിന്റെ കുത്തേറ്റ് മരിച്ചത്. കൊല്ലപ്പെട്ട ഗൗരവ് കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. രണ്ടാഴ്ച മുമ്പാണ് ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങിയത്.
കൊല്ലപ്പെട്ട ഗൗരവ് പങ്കജ് റാഗ്ഡെ മുംബൈയിൽനിന്നുള്ള ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. റാഗ്ഡെ ജയിലിൽ പോയതോടെ ഗൗരവ് റാംഭാവു റാവുത്ത് യുവതിയുമായി അടുപ്പത്തിലായി. തുടർന്ന് ഇരുവരും നരേന്ദ്ര നഗർ പ്രദേശത്ത് ഒരു ക്ലൗഡ് കിച്ചൺ ബിസിനസ് ആരംഭിച്ചു. അവിടത്തെ ഒരു വാടക വീട്ടിലായിരുന്നു ഇവരുടെ താമസം. സംഭവദിവസം ഉച്ചക്കഴിഞ്ഞ് യുവതി ഗൗരവ് റാവുത്തിന്റെ വീട്ടിലെത്തുകയും, റാവുത്തിന്റെ സുഹൃത്തുക്കൾക്കൊപ്പം ഒരു പാർട്ടിയിൽ പങ്കെടുക്കുകയും ചെയ്തു.
ഈ വിവരമറിഞ്ഞ ഗൗരവ് റാഗ്ഡെ ഉടൻതന്നെ ഗൗരവ് റാവുത്തിന്റെ വീട്ടിലെത്തുകയും അക്രമാസക്തനാകുകയും ചെയ്തു. വീടിനുനേരെ കല്ലെറിഞ്ഞതിനെ തുടർന്ന്, ഗൗരവ് റാവുത്തും സുഹൃത്തുക്കളും പിൻവാതിലിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ ഗൗരവ് റാഗ്ഡെ ഇവരെ പിന്തുടരുകയും, നരേന്ദ്രനഗറിലെ സുന്ദർബൻ നാലക്ക് സമീപത്തുവെച്ച് ഇരുവരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകുകയും ചെയ്തു.
വഴക്കിനിടയിൽ ഗൗരവ് റാവുത്തും സുഹൃത്തായ അഭിഷേക് വാസ്നികും ചേർന്ന് ഗൗരവ് റാഗ്ഡെയെ കുത്തിവീഴ്ത്തുകയായിരുന്നു. പ്രതികൾ ഉടൻതന്നെ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രദേശവാസികളിൽ ചിലർ മൊബൈൽ ക്യാമറയിൽ പകർത്തിയിരുന്നു.
വിവരമറിഞ്ഞ് ഉടൻതന്നെ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുകയും പ്രതിയായ ഗൗരവ് റാവുത്തിനെ പിടികൂടുകയും ചെയ്തു.പ്രതിയിൽനിന്ന് കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തുടര്‍ന്ന് പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.