എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്താത്തതിൽ വ്യാപക പ്രതിഷേധം. നാലു വയസ്സുകാരിയായ മകൾക്ക് മുന്നിൽ പ്രതി ലൈംഗിക വൈകൃതം കാണിച്ചെന്ന് അമ്മ മൊഴി നൽകിയിട്ടും പൊലീസ് പോക്സോ ചുമത്താൻ തയ്യാറായിട്ടില്ല. സംഭവത്തിൽ പോക്സോ വകുപ്പ് ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് പരാതിക്കാരിയായ യുവതി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.
പ്രതി കുട്ടിക്ക് മുന്നിൽ ലൈംഗിക വൈകൃതം നടത്തിയെന്ന് വ്യക്തമാക്കുന്ന പരാതിക്കാരിയുടെ ഓഡിയോ സന്ദേശങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. എന്നാൽ കുട്ടിക്ക് കൗൺസിലിങ് നൽകിയ ശേഷമേ പോക്സോ വകുപ്പ് ചുമത്തുന്നതിൽ അന്തിമ തീരുമാനം എടുക്കൂ എന്നാണ് പൊലീസിന്റെ വിശദീകരണം. കൗൺസിലിങിന് ശേഷം കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടർ നടപടികൾ ഉണ്ടാവുക. പൊലീസിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയുണ്ടായെന്നാരോപിച്ചും പോക്സോ കേസ് വൈകുന്നതിലും പ്രതിഷേധിച്ച് യുവതിയുടെ കുടുംബം മുഖ്യമന്ത്രിയെ നേരിൽ കാണാൻ തീരുമാനിച്ചിട്ടുണ്ട്.
യുകെയിൽ താമസിച്ചിരുന്ന ദമ്പതികൾ അടുത്തിടെയാണ് നാട്ടിലെത്തിയത്. വിദേശത്തുവെച്ചും നാട്ടില്‍ വെച്ചും വീടുകളിലുമായി യുവതിയുടെയും നാലു വയസ്സുകാരിയായ മകളുടെയും സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് രഹസ്യമായി പകർത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിന് ക്രൂരമായ മർദ്ദനത്തിന് ഇരയാക്കിയതായും യുവതി വ്യക്തമാക്കിയിട്ടുണ്ട്. ഒന്നിലധികം ആളുകളുമായി കിടക്ക പങ്കിടാൻ ഭർത്താവ് നിർബന്ധിച്ചതായും പരാതിക്കാരി ആരോപിക്കുന്നു. നിലവിൽ ഒളിവിൽ കഴിയുന്ന പ്രതിക്കായി കൊട്ടിയം പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. യുവതി നിലവിൽ വിവാഹമോചന ഹർജി നൽകിയിട്ടുണ്ട്. വെബ്സൈറ്റുകളില്‍ നിന്ന് നഗ്നവിഡിയോകള്‍ നീക്കം ചെയ്യാനുള്ള നിയമനടപടികളും തുടങ്ങി.