ട്രാൻസ് വുമണെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പകർത്തി പണം തട്ടുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റില്‍. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് ഷാഫിലാണ് പൊലീസിന്‍റെ പിടിയിലായത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ കഴിഞ്ഞ ജൂൺ മാസത്തിലാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. തുടർന്ന് പീഡന ദൃശ്യങ്ങളും നഗ്നചിത്രങ്ങളും മൊബൈൽ ഫോണിൽ പകർത്തുകയും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 1.18 ലക്ഷം രൂപയോളം പ്രതി തട്ടിയെടുക്കുകയായിരുന്നു.

പണം നഷ്ടപ്പെടുകയും ഭീഷണി തുടരുകയും ചെയ്തതോടെ ട്രാൻസ് വുമൺ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയുടെ മൊബൈൽ ഫോണില്‍ നിന്നും നിരവധി പെൺകുട്ടികളുടെ നഗ്ന വിഡിയോകളും ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.  മറ്റൊരു പോക്‌സോ കേസിൽ പ്രതിയായ ഇയാള്‍ ജാമ്യത്തിൽ ഇറങ്ങിയ സമയത്താണ് വീണ്ടും സമാന ക്രൂരകൃത്യം ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.

ട്രാൻസ് വുമണിന്റെ പരാതിയിൽ കൊച്ചി പാലാരിവട്ടം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഫോണിൽ നിന്ന് കണ്ടെത്തിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ സത്രീകള്‍ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

A man from Tanur, Malappuram, was arrested by the police for sexually assaulting a trans woman and extorting money using her intimate photographs. The accused, identified as Muhammed Shafi, befriended the victim on social media before committing the crime in June and extortion of approximately ₹1.18 lakh under threat of leaking the visuals. Upon investigating the victim's complaint, police recovered numerous explicit videos and photos of several other girls from his mobile phone. It was also revealed that the accused committed this crime while out on bail in a separate POCSO case, following which he was presented in court and remanded.