തെലങ്കാനയിലെ രാമചന്ദ്രപുരത്ത് ക്ഷേത്രത്തിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ. അറുപത്തിയാറുകാരനായ സായണ്ണയെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഓഗസ്റ്റ് 13നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പൂജാരി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ക്ഷേത്രത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ നില്‍ക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇടപെടുകയായിരുന്നു. ക്ഷേത്രം പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. നാട്ടുകാർ ഉള്ളിൽ കടന്നപ്പോൾ പൂജാരി പെൺകുട്ടിയോട് മോശമായി പെരുമാറുന്നതാണ് കണ്ടതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
സംഭവസ്ഥലത്തുണ്ടായിരുന്നവർ ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തുകയും ഉടന്‍തന്നെ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ സഹിതം നാട്ടുകാർ പൊലീസിനെ സമീപിച്ചതോടെ രാമചന്ദ്രപുരം പൊലീസ് കേസെടുത്ത് സായണ്ണയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സൈബറാബാദ് പൊലീസ് കമ്മീഷണറേറ്റിന്റെ പരിധിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിനും മറ്റുമായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.