• നിയന്ത്രണം മറികടന്ന് കോളജില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതായി പറഞ്ഞ് അധ്യാപിക പരസ്യമായി ശാസിച്ചിരുന്നു. മാനസിക പീഡനത്തിന് തെളിവായി ആന്‍സിജിയുടെ ശബ്ദ സന്ദേശവും പുറത്തുവന്നു.

കന്യാകുമാരി കരുങ്കലിലെ സ്വകാര്യ നഴ്സിങ് കോളജ് കെട്ടിടത്തില്‍ നിന്നും ചാടിയ മലയാളി വിദ്യാര്‍ഥിനി മരിച്ചു. നെയ്യാറ്റിന്‍കര സ്വദേശിനി ആന്‍സിജിയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. കോളജില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതായി പറഞ്ഞ് അധ്യാപിക മാനസികമായി പീഡിപ്പിച്ചെന്ന് കാട്ടി ആന്‍സിജി സുഹൃത്തുക്കള്‍ക്ക് അയച്ച ശബ്ദസന്ദേശം പുറത്തുവന്നു. ഒരുവര്‍ഷം മുന്‍പ് ഹോസ്റ്റലില്‍ മോശം ഭക്ഷണം വിളമ്പിയതില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ മാനേജ്മെന്‍റ് പ്രതികാര നടപടി സ്വീകരിച്ചിരുന്നതായും ബന്ധുക്കളുടെ പരാതി. 

കരുങ്കല്‍ ബെത്‌ലഹേം സ്വകാര്യ നഴ്സിങ് കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു ആന്‍സിജി. വെള്ളിയാഴ്ചയാണ് ആന്‍സിജി കോളജിന്‍റെ മൂന്നാംനിലയില്‍ നിന്ന് താഴേക്ക് ചാടിയത്. നിയന്ത്രണം മറികടന്ന് കോളജില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതായി പറഞ്ഞ് അധ്യാപിക പരസ്യമായി ശാസിച്ചിരുന്നു. മാനസിക പീഡനത്തിന് തെളിവായി ആന്‍സിജിയുടെ ശബ്ദ സന്ദേശവും പുറത്തുവന്നു. Also Read: കാസർകോട് അച്ഛനും മകളും തൂങ്ങിമരിച്ച നിലയിൽ; മൃതദേഹങ്ങൾ ഒരേ ഹുക്കിൽ

സാരമായി പരുക്കേറ്റ ആന്‍സിജിയെ മാര്‍ത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തെ കോളേജ് ഹോസ്റ്റലിൽ നിലവാരമില്ലാത്ത ഭക്ഷണം വിളമ്പിയതിനെതിരെ വിദ്യാർഥികള്‍ സമരം ചെയ്തിരുന്നു. ഇതിന്‍റെ പേരില്‍ കോളജ് മാനേജ്മെന്‍റ്  വിവിധ രീതിയിൽ സമ്മർദം നൽകിയിരുന്നുവെന്നാണ് പരാതി. 

മകള്‍ കോളജില്‍ ഫോണ്‍ കൊണ്ട് പോയിട്ടില്ലെന്ന് ആന്‍സിജിയുടെ അച്ഛന്‍ ബി.അനില്‍ പറഞ്ഞു. ബാഗിലൊക്കെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. നേരത്തെ കോളജ് ഹോസ്റ്റലില്‍ മോശം ഭക്ഷണം വിളമ്പിയതിന്‍റെ പേരില്‍ കുട്ടികള്‍ സമരം ചെയ്തിരുന്നു. സമരം ചെയ്ത വിദ്യാര്‍ഥികളെ പുറത്താക്കിയിരുന്നു. വലിയ പിഴയൊടുക്കിയ ശേഷമാണ് വിദ്യാര്‍ഥികളെ തിരിച്ചെടുത്തതെന്നും  അനില്‍ പറഞ്ഞു.

ആൻസിജിയുടെ മാതാപിതാക്കൾ കരുങ്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സമരം ചെയ്തതിന്‍റെ പേരില്‍ മാനേജ്മെന്‍റ് പ്രതികാര നടപടി സ്വീകരിച്ചെന്ന ആക്ഷേപവും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സഹപാഠികളുടെ മൊഴി രേഖപ്പെടുത്തി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. വിദ്യാര്‍ഥിനിയുടെ മരണത്തില്‍ മാനേജ്മെന്‍റ് പ്രതികരിക്കാന്‍ തയാറായിട്ടില്ല.  

ENGLISH SUMMARY:

A Malayali student who jumped from the building of a private nursing college in Karungal, Kanyakumari, died while undergoing treatment at a private hospital in Thiruvananthapuram. The deceased has been identified as Ansiji, a native of Neyyattinkara. A voice message allegedly sent by Ansiji to her friends has surfaced, in which she reportedly said that a teacher had mentally harassed her for bringing a mobile phone to the college. Relatives have also alleged that the management had taken retaliatory action against students who protested against poor-quality food served at the hostel a year ago.