കോന്നി കുളത്തുമണ്ണിൽ കുടുംബവഴക്കിനിടെ പിതൃസഹോദരനെ യുവാവ് ചവിട്ടിക്കൊന്നു. അംബേദ്കർ ഉന്നതിയിലെ അനിലാണ് (കണ്ണൻ - 45) മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് പ്രതിയായ സുധീഷിനെ (27) പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ചെങ്ങറ സമരഭൂമിയിൽ താമസിച്ചിരുന്ന അനിൽ നിലവില്‍ തിരുവനന്തപുരത്താണ് താമസം, പത്തനംതിട്ടയിൽ ജോലിക്കായി വരുമ്പോൾ സുധീഷിന്റെ അച്ഛന്റെ വീട്ടിലാണ് താമസിക്കാറുള്ളത്. അനിൽ അവിടെ താമസിക്കുന്നതിൽ പ്രതിയായ സുധീഷിന് വിരോധമുണ്ടായിരുന്നു. ഈ വിരോധത്തെത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ സുധീഷ് അനിലിനെ ചവിട്ടിവീഴ്ത്തുകയായിരുന്നു.
നെഞ്ചേറ്റ ചവിട്ടിൽ വാരിയെല്ലൊടിഞ്ഞ് ആന്തരിക രക്തസ്രാവം ഉണ്ടായതാണ് മരണകാരണമെന്നാണ് സംശയം. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരും ബന്ധുക്കളും ചേർന്ന് അനിലിനെ ഉടൻ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണത്തിൽ പൂർണ വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു. പ്രതിയായ സുധീഷ് മുമ്പും ചില ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.