kollam-chithara-rental-dispute-building-demolished-jcb

TOPICS COVERED

കൊല്ലം ചിതറയിൽ വാടകത്തർക്കത്തെത്തുടർന്ന് വാടകക്കാർ താമസിച്ചിരുന്ന കെട്ടിടം ഉടമകൾ ജെസിബി ഉപയോഗിച്ച് ഇടിച്ചുനിരത്തി. എട്ടു വർഷമായി ഇവിടെ താമസിച്ചു വരികയായിരുന്ന അബ്ദുൾ വാഹിദിനെയും സൂറ ബീവിയെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ സമയത്താണ് ഉടമകൾ കെട്ടിടം തകർത്ത് നിരത്തിയത്.

കെട്ടിടം ഒഴിഞ്ഞുനൽകണമെന്നാവശ്യപ്പെട്ട് ആറുമാസം മുൻപ് ഉടമകൾ വാടകക്കാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വാടകക്കാർ അതിന് വിസമ്മതിക്കുകയും വിഷയം കോടതിയുടെ പരിഗണനയിലുമാണ്. ഈ കെട്ടിടത്തിൽ താമസിക്കുന്നവർക്ക് അവിടെത്തന്നെ തുടരാമെന്ന തരത്തിൽ കോടതിയുടെ സ്റ്റേ ഉത്തരവ് നിലനിൽക്കുന്നുണ്ടെന്ന് വാടകക്കാർ അവകാശപ്പെടുന്നു.

ഉടമകളെ ചീത്തവിളിച്ചുവെന്നാരോപിച്ച് സൂറ ബീവിയെയും അബ്ദുൾ വാഹിദിനെയും ചിതറ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇവർ സ്റ്റേഷനിൽ ഹാജരായ സമയത്താണ് ഉടമകൾ കെട്ടിടം പൂർണ്ണമായും തകർത്ത് നിരത്തിയത്. തങ്ങൾ പൊലീസ് സ്റ്റേഷനിൽ ഇരുന്ന സമയത്താണ് ഉടമകൾ കെട്ടിടം ഇടിച്ചുനിരത്തിയതെന്ന് വാടകക്കാർ പറയുന്നു.

കെട്ടിടത്തിനകത്തുണ്ടായിരുന്ന രേഖകളും സ്വർണ്ണാഭരണങ്ങൾ ഉൾപ്പെടെയുള്ള വിലപ്പെട്ട സാധനങ്ങളും പൂർണ്ണമായും നശിച്ചതായി വാടകക്കാർ പരാതിപ്പെടുന്നു. പൊലീസ് സ്റ്റേഷനിൽ നിന്ന് തിരിച്ചെത്തിയപ്പോൾ കെട്ടിടം തകർന്നു കിടക്കുന്നതാണ് കണ്ടതെന്ന് ഇവർ വ്യക്തമാക്കി. വാടകക്കാർ ഇപ്പോൾ പൊലീസ് സ്റ്റേഷനിൽ തുടരുകയാണ്. 

ENGLISH SUMMARY:

A tense rental dispute in Chithara, Kollam, took a dramatic turn when landlords allegedly demolished a rented building using a JCB. The tenants, Abdul Wahid and Soora Beevi, claimed they were summoned to the local police station under a pretext while the destruction occurred. According to the tenants, the building was protected by an ongoing court stay order regarding the eviction dispute. Essential belongings, including important documents and gold ornaments, were completely destroyed in the incident.