സ്വത്ത് തര്‍ക്കത്തിന്‍റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തിയ 54കാരന്‍ പിടിയില്‍. കമല്‍സിങ്ങ് ഭാര്യയെ കൊല്ലാനായി മുന്‍കൂട്ടി പദ്ധതികള്‍ തയ്യാറാക്കിയിരുന്നെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നും ഡല്‍ഹി പൊലീസ് കണ്ടെത്തി. ഹോളിവുഡ് നിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൊലയ്ക്കായി ഉപയോഗിച്ച ആയുധങ്ങള്‍ ഒളിപ്പിക്കാനും തെളിവുകള്‍ ഇല്ലാതാക്കാനും പ്രതി ശ്രമിച്ചതായി പൊലീസ് പറയുന്നു. 

ജൂലൈ 30-നാണ് സംഭവം.  ഡൽഹിയിലെ ജഗത്പുരി മേഖലയിലെ ഗഗൻ വിഹാറിലെ വീട്ടിൽ ഒരു സ്ത്രീ മരിച്ചതായി പോലീസിന് വിവരം ലഭിച്ചതിനെ തുടർന്നാണ് കൊലപാതകം പുറത്തറിയുന്നത്. തുടര്‍ന്ന് വീട്ടിലെത്തിയ പൊലീസ് സ്വീകരണമുറിയിൽ രക്തത്തിൽ കുളിച്ച നിലയിൽ കോമൾ സിങ്ങിനെ കണ്ടെത്തുകയായിരുന്നു. ആക്രമണത്തിന് ഉപയോഗിച്ചതായി കരുതുന്ന രക്തം പുരണ്ട കത്രിക സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്തു.

പൊലീസിനെ വിവരമറിയിച്ച ദമ്പതികളുടെ മകൻ ഗൗരവ്, അന്ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് താനും സഹോദരിയും തങ്ങളുടെ മാതാപിതാക്കൾ സ്വത്ത് തർക്കത്തിന്‍റെ പേരിൽ വഴക്കിടുന്നത് കണ്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. അമ്മയെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയിരുന്നില്ലെന്നും തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ അമ്മയെ മരിച്ച നിലയിൽ കാണുകയായിരുന്നുവെന്നും ഗൗരവ് പറയുന്നു. കമല്‍സിങ് ഇതിനു മുന്‍പേ സ്ഥലത്തുനിന്നും രക്ഷപ്പെട്ടിരുന്നു. 

സിസിടിവി കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സിസിടിവിയില്‍ പ്രതി കമൽ സിങ് ഒരു സ്ക്കൂട്ടറില്‍ ബാഗുമായി വീട് വിട്ട് പോകുന്നതായി കണ്ടു. ദൃശ്യത്തില്‍  പ്രതിയുടെ  ബാഗില്‍  നിന്ന് വാളിന്‍റെ ഭാഗം പുറത്തേക്ക് തള്ളി നിൽക്കുന്നുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. പൊലീസിന്‍റെ  തിരച്ചിലിനൊടുവില്‍ മഥുര റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യ്തത്. പ്രതിയുടെ പക്കല്‍ നിന്ന് 12.75 ലക്ഷം രൂപയും കുറ്റകൃത്യത്തിന് ശേഷം ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന ഇരുചക്രവാഹനവും പൊലീസ് കണ്ടെടുത്തു.

പ്രതി ആദ്യം ഗോരഖ്പൂർ വഴി നേപ്പാളിലേക്ക് രക്ഷപ്പെടാനാണ് പദ്ധതിയിട്ടിരുന്നത് എന്നും പൊലീസിന്‍റെ അന്വേഷണത്തില്‍ വ്യക്തമായി. സ്വത്ത് ലഭിക്കാനാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.കൊലപാതകത്തിന് ശേഷം, ആക്രമണത്തിന് ഉപയോഗിച്ച വാൾ ഉപേക്ഷിക്കുകയും, രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 7 ലക്ഷം രൂപ പിൻവലിക്കുകയും, ഭാര്യയുടെ മുറിയിൽ സൂക്ഷിച്ചിരുന്ന 5 ലക്ഷം രൂപ കൂടി എടുത്ത ശേഷം രക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ഹോളിവുഡ് ക്രൈം മൂവിയില്‍ നിന്നുമാണ് കൊലപാതകത്തിനായുളള പ്രചോദനം ലഭിച്ചതെന്ന് പ്രതി പറഞ്ഞു. പ്രതിക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്നും ദമ്പതികള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. സ്വത്ത് തർക്കത്തെ തുടർന്ന് ബന്ധം കൂടുതൽ വഷളാകുകയും അതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. കേസില്‍  അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

ENGLISH SUMMARY:

A 54-year-old man named Kamal Singh has been arrested by Delhi Police for murdering his wife Komal Singh over a property dispute. The murder came to light on July 30 after police received information about a woman's death at her house in Gagan Vihar, Jagatpuri, Delhi, where she was found lying in a pool of blood. Police investigation revealed that the accused had pre-planned the murder, inspired by a Hollywood crime movie, and tried to destroy evidence and hide weapons including a sword and blood-stained scissors. After committing the crime, he withdrew Rs 7 lakh from two bank accounts, took Rs 5 lakh kept in his wife's room, and tried to flee to Nepal via Gorakhpur before being arrested at Mathura Railway Station with Rs 12.75 lakh in cash.