AI Generated Image

സുഹൃത്തിനെ കാണാനായി ബെംഗളൂരുവില്‍ പോയ കോഴിക്കോട് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ തേടി പൊലിസ്. കോഴിക്കോട്ടുകാരായ യുവതി അടക്കം ആറംഗ സംഘത്തെ കേന്ദ്രീകരിച്ചാണ് തിരച്ചില്‍. യുവാവിനെ തട്ടിക്കൊണ്ടുപോയ ശേഷം നഗ്നനാക്കി ഫോട്ടോയെടുത്ത് എട്ടുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടായിരുന്നു ഭീഷണിയും ക്രൂര മര്‍ദനവും. 

സുഹൃത്തുമായി അടിച്ചുപൊളിക്കാന്‍ ബംഗളൂരു നഗരത്തിലേയ്ക്ക് യാത്ര തിരിച്ച കോഴിക്കോട് ഫ്ലോറിക്കന്‍ റോഡ് സ്വദേശിയായ 21കാരന്‍ യാത്രയ്ക്കൊടുവില്‍ ഇങ്ങനെയൊരു ട്വിസ്റ്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതേയില്ല. ബംഗളൂരുവിലിറങ്ങിയ യുവാവിനെ ബലം പ്രയോഗിച്ച് കാറില്‍ കയറ്റിയ ആറംഗം സംഘം കോഴിക്കോട് പയിമ്പ്രയിലെത്തിച്ച് ആളൊഴിഞ്ഞ കെട്ടിടത്തിലെ രഹസ്യകേന്ദ്രത്തിലാക്കി പൂട്ടിയിട്ടു. തുടര്‍ന്ന് നഗ്നനാക്കി ഫോട്ടോയെടുത്ത് വീട്ടുകാര്‍ക്ക് അയച്ച് നല്‍കി. 8 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടായിരുന്നു മര്‍ദനവും ഭീഷണിയും.

അന്ന് രാത്രി തട്ടിക്കൊട്ടുപോയവര്‍ ഉറങ്ങുന്ന സമയത്ത് അതിസാഹസികമായി രക്ഷപ്പെട്ട യുവാവ് പൊലിസിന്‍റെ സഹായം തേടുകയായിരുന്നു. കോഴിക്കോട്ടുകാരായ യുവതി അടക്കം ആറംഗ സംഘത്തെ തിരിച്ചറിഞ്ഞതായി പൊലിസ് അറിയിച്ചു. എന്നാല്‍ തട്ടിക്കൊണ്ടുപോകലിന്‍റെ ലക്ഷ്യം ഇപ്പോഴും വ്യക്തമല്ല. ഒരു സ്ത്രീയുടെ പേര് പറഞ്ഞായിരുന്നു മര്‍ദനമെന്ന് യുവാവ് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആ സ്ത്രീ ആരെന്ന് വ്യക്തമല്ല. പ്രതികളെ പിടികൂടുന്നതോടെ കേസിന്‍റെ ചുരുളഴിക്കാനാകുമെന്നാണ് അന്വേഷണസംഘത്തിന്‍റെ പ്രതീക്ഷ. 

 

ENGLISH SUMMARY:

This is a news report about a kidnapping case where a Kozhikode native was abducted in Bangalore and held for ransom. The police are investigating a six-member gang, including a woman from Kozhikode, after the victim managed to escape and seek help.