ayub

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ ഉൾപ്പെടെ വിവിധയിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രൊഫൈൽ ഉണ്ടാക്കി ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ. പാലക്കാട് സ്വദേശി അയൂബ് ആണ് സിറ്റി സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്. യു.എ.ഇയിൽ ജോലി വാഗ്ദാനം ചെയ്ത് വിവിധ പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.  

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ. പി ഷൗക്കത്തലി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്താണ് പ്രതി അയൂബ് ലക്ഷങ്ങൾ തട്ടിയെടുത്തത്. വിശ്വസ്തത പിടിച്ചുപറ്റാൻ കമ്മീഷണറുടെ ഔദ്യോഗിക ചിത്രം ഉൾപ്പെടെ പ്രതി തന്റെ വാട്സാപ്പ് പ്രൊഫൈൽ പിക്ചർ ആക്കുകയായിരുന്നു. യു.എ.ഇയിൽ ഉയർന്ന ജോലി വാഗ്ദാനം ചെയ്ത് പരാതിക്കാരനിൽ നിന്ന് വലിയ തുകകൾ ഇയാൾ കൈക്കലാക്കി. ആ സമയം വാട്സാപ്പ് മുഖ ചിത്രം യുഎഇയിലെ പൊലീസ് ഉദ്യോഗസ്ഥന്‍റേതായിരുന്നു. പിന്നീട് ഒട്ടേറെ തവണ വാട്സാപ്പിൽ എത്തിയ സന്ദേശങ്ങളിൽ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ ചിത്രവും പ്രതി വാട്സാപ്പ് മുഖചിത്രമായി വച്ചു.

പണം ലഭിച്ചതിന് പിന്നാലെ വ്യാജ ഓഫർ ലെറ്ററുകളും, വർക്ക് പെർമിറ്റും, വിമാന ടിക്കറ്റുകളും പ്രതി വാട്സാപ്പ് വഴി ഇരകൾക്ക് അയച്ചുനൽകി. പിന്നിട് ഇയാളെ പറ്റി യാതൊരു വിവരവും ലഭിച്ചില്ല. തുടർന്നാണ് തട്ടിപ്പിനിരയായ വിവരം തിരിച്ചറിയുന്നത്. ഉടൻ തന്നെ കോഴിക്കോട് സൈബർ പൊലീസിന് പരാതി നൽകുകയായിരുന്നു. 1,22,600 രൂപ നഷ്ടപ്പെട്ട പാലക്കാട് ഒറ്റപ്പാലം സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിറ്റി സൈബർ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് സ്വദേശിയായ പ്രതി വലയിലായത്. ഇയാൾ സമാനമായ രീതിയിൽ കൂടുതൽ ഉദ്യോഗാർത്ഥികളെ ചതിയിൽ പെടുത്തിയതായാണ് സൂചന. 

ENGLISH SUMMARY:

A Palakkad native named Ayub has been arrested by the Kozhikode City Cyber Crime Police for orchestrating a job scam targeting individuals with promises of employment in the UAE. The accused used the official profile pictures of senior law enforcement officers, including Kozhikode City Police Commissioner A.P. Shaukkathali, on WhatsApp to gain victims' trust. After collecting large sums of money, he provided fake offer letters, work permits, and flight tickets before cutting off contact. Following a complaint from an Ottappalam native who lost over one lakh rupees, the police tracked down and apprehended the suspect, with investigations indicating he may have defrauded multiple other job seekers similarly.