kilimanoor-father-son-kidnap

സിനിമാ രംഗങ്ങളെ വെല്ലുന്ന തരത്തിലായിരുന്നു കിളിമാനൂരില്‍ ഇന്നലെ പകല്‍ നടന്നത്. മകളെ വിവാഹം ചെയ്തു നല്‍കാത്ത അനില്‍കുമാറിന്‍റെ കുടുംബത്തിനെതിരെ സുധീഷും കൂട്ടരും മാസങ്ങള്‍ നീണ്ട ആസൂത്രണം നടത്തി. ഒടുവില്‍ ആക്രമണത്തിനായി തിരഞ്ഞെടുത്തത് ഇന്നലെയാണ്. മേസ്തിരിപ്പണി ചെയ്യുന്ന അനില്‍കുമാറിനെ ജോലി ആവശ്യത്തിനെന്ന് പറഞ്ഞാണ് പുതുശ്ശേരി മുക്കിലേക്ക് വിളിച്ചുവരുത്തിയത്. അവിടെ നിന്ന് വെള്ളല്ലൂര്‍ അപ്പൂപ്പൻ കാവ് ക്ഷേത്രത്തിന് സമീപമുള്ള പണിതീരാത്ത കെട്ടിടത്തിലേക്ക് കൊണ്ടുപോയി.

വീട്ടിലെത്തുന്നതുവരെ അനില്‍കുമാറിന് അസ്വഭാവികമായി ഒന്നും തോന്നിയില്ല. വീട്ടിലേക്ക് കയറിക്കഴിഞ്ഞപ്പോള്‍ സുധീഷെത്തി. 'എന്നെ പരിചയമുണ്ടോടാ?' എന്ന് ആക്രോശിച്ചായിരുന്നു വരവ്. എന്തോ പന്തികേടുണ്ടെന്ന് അനില്‍കുമാറിന് വ്യക്തമായപ്പോഴേക്കും അനില്‍കുമാറിന്‍റെ കൈയ്യില്‍ നിന്ന് ഹെല്‍മെറ്റ് പിടിച്ചുവാങ്ങിയ സുധീഷ് മര്‍ദിക്കാന്‍ തുടങ്ങിയായിരുന്നു. അനില്‍കുമാര്‍ കൈ കൊണ്ട് തടുത്തെങ്കിലും വീണ്ടും വീണ്ടും ആഞ്ഞടിച്ചതോടെ അനില്‍കുമാര്‍ നിലത്ത് കമിഴ്ന്നുവീണു. ഉടനെ പ്രതികള്‍ അനില്‍കുമാറിലെ ശരീരത്തില്‍ കയറിയിരുന്ന് കൈകൾ പിന്നിൽ കെട്ടി കാലും ബന്ധിച്ച് വായയിൽ തുണി തിരുകി. വലിച്ചിഴച്ച് അകത്തെ പ്രത്യേകം തയ്യാറാക്കിയ റൂമിലെത്തിച്ചു. അനില്‍കുമാറിന് ഒന്ന് നിലവിളിക്കാന്‍ പോലുമാകാത്ത നിലയിലായി. സ്ക്രൂഡ്രൈവർ, ഇരുമ്പുകമ്പി, തടി എന്നിവ കൊണ്ട് അടിച്ചും കുത്തിയും പരിക്കേൽപ്പിച്ചു. സ്ഫോടക വസ്തുക്കൾ ശരീരത്തിൽ കെട്ടിവച്ചു കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി. പിന്നെ അനില്‍കുമാറിന്‍റെ മകന്‍ അച്ചുവായിരുന്നു പ്രതികളുടെ ലക്ഷ്യം.

അച്ഛന് അപകടം സംഭവിച്ചെന്ന് പറഞ്ഞാണ് അനില്‍കുമാറിന്‍റെ മകന്‍ അച്ചുവിനെ ഉച്ചതിരിഞ്ഞ് വിളിച്ചുവരുത്തിയത്. 20കാരനായ അച്ചുവിനെ പ്രതികള്‍‍ ചങ്ങലയിൽ കെട്ടിയിട്ട് പ്ലെയർ കൊണ്ട് കയ്യിൽ അമർത്തി. അമ്മയെയും കൊണ്ടുവരാൻ പറഞ്ഞാണ് അച്ചുവിനെ വിട്ടയച്ചത്. ഭയന്ന അച്ചു അമ്മയോട് വിവരം പറഞ്ഞു. അമ്മ പഞ്ചായത്ത് പ്രസിഡന്‍റിനെയും പൊലീസിനേയും വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് അനിൽകുമാറിനെ മോചിപ്പിച്ചത്. ശരീരമാസകലം പരിക്കേറ്റ അനിൽകുമാർ ആശുപത്രിയിൽ ചികിത്സ തേടി.

രണ്ടുവര്‍ഷം മുന്‍പാണ് അനില്‍കുമാറിന്‍റെ മകളെ വിവാഹമാലോചിച്ച് സുധീഷ് അനില്‍കുമാറിന്‍റെ വീട്ടിലെത്തിയത്. പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കും താല്‍പര്യമില്ലാത്തതിനാല്‍ വിവാഹ ആലോചന കുടുംബം നിരസിക്കുകയായിരുന്നു. അതിലെ മുന്‍വൈരാഗ്യമാണ് ക്രൂരകൃത്യത്തിലെത്തിച്ചത്. പ്രതികള്‍ക്കായി നഗരൂര്‍ പൊലീസ് തിരച്ചില്‍ തുടങ്ങി.

ENGLISH SUMMARY:

A father and son were abducted and brutally assaulted in Kilimanoor, Thiruvananthapuram, allegedly by a five-member gang led by a man named Sudheesh. The attack was driven by a grudge because Anil Kumar had refused to let his daughter marry Sudheesh two years ago. The attackers lured Anil Kumar to an under-construction house under the pretext of work, where they beat him with a helmet, tied him with a chain, and even threatened him with what appeared to be an explosive device. When the gang held Anil Kumar captive and demanded he bring his wife to the site, his son—who was also assaulted—managed to escape and alert the police. Authorities arrived to find Anil Kumar tied up with severe injuries and discovered a pit dug near the house, raising suspicions that the perpetrators intended to kill him.