പ്രതീകാത്മക ചിത്രം

മരിച്ച അച്ഛന്‍റെ സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ അമ്മയെ കൊലപ്പെടുത്തി മകള്‍. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. സര്‍ക്കാര്‍ സര്‍വീസിലിരിക്കെയാണ് അച്ഛന്‍ മരിക്കുന്നത്. തുടര്‍ന്ന് ആശ്രിത നിയമനത്തിലൂടെ ആ ജോലി അമ്മയ്ക്ക് ലഭിച്ചു. എന്നാല്‍ സ്വത്തും ജോലിയും തട്ടിയെടുക്കാനായി 23കാരിയായ മകള്‍ ബന്ധുക്കളുടെ സഹായത്തോടെ അമ്മയെ കൊലപ്പെടുത്തുകയായിരുന്നു. 

പ്രതാപ് നഗറിലെ രവീന്ദ്ര നഗര്‍ സ്വദേശിനിയായ 45 -കാരി നീരജ് ശര്‍മ്മ ജൂലൈ 3 -ാം തീയതിയാണ് കൊല്ലപ്പെടുന്നത്. അമിത വേഗത്തിലെത്തിയ ഒരു കാര്‍ ഇവരെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. എന്നാല്‍, നീരജ് ശര്‍മ്മയുടെ മരണത്തില്‍ സഹോദരനായ രാകേഷിന് സംശയമുണ്ടായിരുന്നു. ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണതെന്ന് ആരോപിച്ച് രാകേഷ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. 

നീരജ് ശര്‍മ്മയെ കൊല്ലാൻ കൊട്ടേഷൻ നൽകിയത് സ്വന്തം മകൾ ആയുഷിയാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന് യുവതിയെ സഹായിച്ചത് ബന്ധുക്കളും. കേസുമായി ബന്ധപ്പെട്ട്

മകളെയും ആറ് ബന്ധുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ ഒരാൾ ഒളിവിലാണ്. 

ജയ്പൂർ കോടതിയിലെ എല്‍ഡി ക്ലാര്‍ക്കായിരുന്നു നീരജ് ശർമ്മ. ഇവരുടെ ഭ‍ർത്താവ് വിജയ് കുമാര്‍ ശര്‍മ്മയുടെ മരണത്തിന് പിന്നാലെയാണ് നീരജിന് ആശ്രിത നിയമനത്തിലൂടെ ജോലി ലഭിച്ചത്. എന്നാൽ, ഈ ജോലിക്ക് വേണ്ടി ആയുഷിയും താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതോടെ ജോലിക്കും സ്വത്തിനും വേണ്ടി ആയുഷി, മറ്റൊരു അമ്മാവനും കസിനെയും മറ്റ് നാല് ബന്ധുക്കളെയും കൂടെ കൂട്ടി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. 

ENGLISH SUMMARY:

In a shocking incident in Jaipur, Rajasthan, a 23-year-old woman named Ayushi Sharma has been arrested for plotting the murder of her 45-year-old mother, Neeraj Sharma, to secure her late father's government job. Neeraj Sharma, an LDC clerk at the Jaipur court, had received the job through a compassionate appointment following her husband's death. Ayushi, coveting the job and family property, hired a contract-killing squad with the assistance of her relatives. On July 3, Neeraj was run over by a speeding car. Following a complaint from Neeraj's brother, Rakesh, the police unearthed the plot, resulting in the arrest of Ayushi and six of her relatives, while one suspect remains at large.