രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ പതിമൂന്നുകാരിയെ അഞ്ച് ദിവസത്തിനിടെ മുപ്പതിലധികം പേർ ചേർന്ന് ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. നഗരത്തിലെ വിവിധ ഹോട്ടലുകളിൽ എത്തിച്ചായിരുന്നു പീഡനം. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടൽ ഉടമകളെയും മാനേജർമാരെയും പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് പറയുന്നത് പ്രകാരം, ശ്രീഗംഗാനഗറിന് സമീപമുള്ള ഗ്രാമത്തിൽ താമസിക്കുന്ന പെൺകുട്ടി ജൂൺ 18ന് സുഹൃത്തിനെ കാണാനായാണ് ശ്രീവിജയനഗറിലേക്ക് വരുന്നത്. രാത്രി 10:30 ഓടെ തിരിച്ച് ശ്രീഗംഗാനഗറിലെത്തിയ പെൺകുട്ടി, വീട്ടിലേക്ക് പോകുന്നതിനായി രാംബാബു എന്നയാളുടെ ഇ-റിക്ഷയില്‍ കയറി. എന്നാൽ കുട്ടിയെ വീട്ടിലെത്തിക്കുന്നതിന് പകരം ഇയാൾ നഗരത്തിലെ ഒരു ഹോട്ടലുടമയ്ക്ക് വിൽക്കുകയായിരുന്നു. റിക്ഷാ ഡ്രൈവറും ഹോട്ടൽ നടത്തിപ്പുകാരും ചേർന്ന് പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുട്ടിയെ നഗരത്തിലെ വിവിധ ഹോട്ടലുകളിലെത്തിച്ചും ക്രൂരമായ പീഡനത്തിന് ഇരയാക്കി. ശാരീരികാതിക്രമങ്ങള്‍ സഹിക്കവയ്യാതെ കുട്ടി വേദനകൊണ്ട് പുളഞ്ഞപ്പോള്‍ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചെന്നും എഫ്ഐആറില്‍ പറയുന്നു.
പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജൂൺ 22നാണ് ഒരു ഹോട്ടലില്‍ നിന്ന് പൊലീസ് കുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ആദ്യം മൂന്ന് ഹോട്ടലുകളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പിന്നീട് മറ്റൊരു ഹോട്ടലില്‍ കൂടി കുട്ടിയെ പാര്‍പ്പിച്ചെന്ന് കണ്ടെത്തി. ഹോട്ടലുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. ഇതിലൂടെ കൂടുതൽ പ്രതികളെ തിരിച്ചറിയാൻ സാധിക്കുമെന്നാണ് കരുതുന്നത്. ഇതിൽ ഒരു ഹോട്ടൽ പൊലീസ് സീൽ ചെയ്തിട്ടുണ്ട്.
കേസിൽ ഇതുവരെ 10 പേരാണ് അറസ്റ്റിലായിട്ടുള്ളത്. ഇതിൽ അഞ്ച് പേർ പെൺകുട്ടിയെ നേരിട്ട് പീഡിപ്പിച്ചവരാണ്. ഹോട്ടലുടമ മയങ്ക് സൈൻ, മാനേജർ ഹർദീപ് നാഥ്, സച്ചിൻ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തുവരികയാണ്. ഇ-റിക്ഷാ ഡ്രൈവർ രാംബാബു, മുകേഷ് നാഥ്, ലാൽബന്ദ് സിംഗ്ല എന്നിവരെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ശനിയാഴ്ച ഹനുമാൻഗഡ് സ്വദേശി ദീപക്, ശ്രീഗംഗാനഗർ സ്വദേശി തരുൺ എന്നീ രണ്ട് യുവാക്കളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജില്ലാ പൊലീസ് സൂപ്രണ്ട് ഹരിശങ്കർ യാദവിന്‍റെ മേൽനോട്ടത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഒളിവിൽ പോയ മറ്റ് പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയതായും എസ്‌പി അറിയിച്ചു.
അതിനിടെ, സംഭവത്തിൽ വലിയ രീതിയിലുള്ള ജനരോഷമാണ് ഉയരുന്നത്. പ്രതികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. വലിയ വിനോദസഞ്ചാര കേന്ദ്രമല്ലാതിരുന്നിട്ടുകൂടി ശ്രീഗംഗാനഗറിൽ 150-ലധികം നിയമവിരുദ്ധ ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. ഈ സംഭവം പുറത്തുവന്നതോടെ ഇത്തരം അനധികൃത സ്ഥാപനങ്ങൾ അടിയന്തിരമായി പൂട്ടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.