കേതന്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ വെളിപ്പെടുത്തലുമായി പ്രതിയായ യുവതി. തനിക്ക് ഈ വിവാഹത്തിന് താല്പര്യമില്ലെന്ന കാര്യം സ്വന്തം വീട്ടുകാരോട് പറയുന്നതിനേക്കാൾ എളുപ്പമായി തോന്നിയത് പ്രതിശ്രുത വരനായ കേതൻ അഗർവാളിനെ കൊല്ലുന്നതായിരുന്നു എന്നാണ് സിയ പൊലീസിനോട് സമ്മതിച്ചിരിക്കുന്നത്.
നംവംബറില്‍ നടക്കാനിരുന്ന തന്റെ വിവാഹം മുടക്കി കുടുംബത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ല എന്നും യുവതി വ്യക്തമാക്കി. ആദ്യഘട്ടത്തിൽ ട്രെക്കിംഗിനിടെ അബദ്ധത്തിൽ മലയിടുക്കിലേക്ക് വീണ് മരിച്ചതാണെന്നാണ് സിയ വീട്ടുകാരെയും പൊലീസിനെയും ധരിപ്പിച്ചത്. എന്നാൽ ഡിജിറ്റൽ തെളിവുകളും മൊഴികളിലെ വൈരുദ്ധ്യങ്ങളും പരിശോധിച്ച പൊലീസിന് ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന് മനസ്സിലാവുകയായിരുന്നു.
കേസില്‍ പ്രതികളായ സിയയും കാമുകനും കേസിലെ കൂട്ടുപ്രതിയായ ചേതൻ ചൗധരിയും കൊലപാതകത്തിന് മുമ്പുള്ള മാസങ്ങളില്‍ ഏകദേശം രണ്ടായിരത്തിലധികം തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമക്കി. വിവാഹം വേണ്ടെന്നുവെച്ചാൽ കുടുംബത്തിന്റെ അന്തസ്സ് തകരുമെന്നും നാട്ടുകാർ പരിഹസിക്കുമെന്നും സിയ ഭയന്നിരുന്നു. കേതനെ ഇല്ലാതാക്കി അതൊരു അപകട മരണമാണെന്ന് വരുത്തിത്തീർത്താൽ വീട്ടുകാരുടെ വിഷമം ഒഴിവാക്കാമെന്നാണ് താൻ കരുതിയതെന്ന് സിയ ചോദ്യം ചെയ്യലിൽ പറഞ്ഞു.
ഇതിന് മുമ്പും കേതനെ കൊല്ലാന്‍ യുവതി ശ്രമിച്ചിരുന്നു. എന്നാല്‍ അതൊരു അപകടമാണെന്ന് വരുത്തിതീര്‍ത്ത് പിന്നീട് വീണ്ടും മഹാരാഷ്ട്രയിലെ പുണെയ്ക്കടുത്തുള്ള ലോഹഗഡ് ഫോര്‍ട്ടില്‍ എത്തിച്ച് മലയിടുക്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. വരുന്ന നവംബറിൽ രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ച് അത്യാഡംബരത്തോടെയായിരുന്നു കേതന്‍റേയും സിയയുടേയും വിവാഹം നിശ്ചയിച്ചിരുന്നത്. ചടങ്ങുകൾക്കായി ജയ്പൂരിലെ പ്രശസ്തമായ കൊട്ടാരങ്ങളിലൊന്ന് 17 കോടി രൂപയ്ക്ക് ബുക്ക് ചെയ്യുകയും അതിഥികൾക്കായി രണ്ട് സ്വകാര്യ വിമാനങ്ങൾ ഏർപ്പാടാക്കുകയും ചെയ്തിരുന്നു.
നിലവിൽ പൂനെ റൂറൽ പൊലീസ് സിയ ഗോയൽ, ചേതൻ ചൗധരി എന്നിവരെ അറസ്റ്റ് ചെയ്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്. സിയയുടെ കുടുംബാംഗങ്ങളെയും പൊലീസ് ചോദ്യം ചെയ്തു വരുന്നു.