ketan-agarwal-murder-lohagad

TOPICS COVERED

മഹാരാഷ്ട്രയിലെ പുണെയ്ക്കടുത്തുള്ള ലോഹഗഡ് ഫോര്‍ട്ടില്‍ വച്ച് പ്രമുഖ വ്യവസായി വിശാൽ അഗർവാളിന്റെ മകൻ കേതൻ അഗർവാള്‍ കൊല്ലപ്പെട്ടതില്‍ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ജൂൺ 18-ന് നടന്ന കൊലപാതകത്തിന് നാല് ദിവസം മുൻപും ഇതേ സ്ഥലത്തുവെച്ച് കേതനെ കൊലപ്പെടുത്താൻ പ്രതിശ്രുത വധു സിയ ഗോയൽ ശ്രമിച്ചിരുന്നു. ഇക്കാര്യം സിയയും കാമുകന്‍ ചേതനും പൊലീസിനോട് സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.

കേതന്‍റെ കുടുംബം പറയുന്നത് പ്രകാരം, ജൂൺ 14-ന് ലോഹഗഡ് ഫോര്‍ട്ട് സന്ദർശിക്കുന്നതിനിടെ സിയ കേതനെ മലഞ്ചെരുവിലേക്ക് തള്ളിയിട്ടിരുന്നു. എന്നാൽ ഒരു മരത്തിൽ തങ്ങിനിന്നതിനാലാണ് അന്ന് കേതൻ ജീവനോടെ രക്ഷപ്പെട്ടത്. പാമ്പിനെ കണ്ടപ്പോൾ കേതനെ രക്ഷിക്കാൻ വേണ്ടി അറിയാതെ തള്ളിയതാണെന്നാണ് സിയ അന്ന് നൽകിയ വിശദീകരണം. ഈ സംഭവത്തിന് ശേഷം വീണ്ടും ലോഹഗഡിലേക്ക് പോകാൻ കേതന് മടിയായിരുന്നു. എന്നാൽ തന്റെ ജന്മദിനം സുഹൃത്തുക്കളോടൊപ്പം ആഘോഷിക്കാനാണെന്ന് പറഞ്ഞ് സിയ കേതനെ നിർബന്ധിക്കുകയായിരുന്നു. ഇക്കാര്യം സൂചിപ്പിച്ച് കേതന്‍റെ അമ്മയേയും സിയ വിളിച്ചിരുന്നു. തുടര്‍ന്നാണ് കേതൻ വീണ്ടും ലോഹഗഡ് ഫോര്‍ട്ടിലേക്ക് പോകാൻ തയ്യാറായത്.

കേതന്‍റെ മരണം തുടക്കത്തില്‍ അപകടമരണമെന്നായിരുന്നു കരുതിയത്. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ കേതൻ കാൽ തെറ്റി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നായിരുന്നു സിയയുടെ മൊഴി. എന്നാല്‍ പരിചയസമ്പന്നനായ ഒരു ട്രെക്കറായ കേതൻ പെട്ടെന്ന് കാൽ തെറ്റി വീഴാൻ സാധ്യതയില്ലെന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയാണ് വഴിത്തിരിവായത്. കേതന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് നാലാം ദിവസം സിയ കേതന്റെ വീട്ടിലെത്തിയിരുന്നു. അന്ന് കേതന്റെ സഹോദരി ചോദിച്ച ചോദ്യങ്ങൾക്ക് സിയ നൽകിയ അസ്വാഭാവികമായ മറുപടികളും കുടുംബത്തില്‍ സംശയം വര്‍ധിപ്പിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് കൊലപാതകം ചുരുളഴിയുന്നത്.

പ്രതികളായ സിയയും ചേതൻ ചൗധരിയും തമ്മിൽ കഴിഞ്ഞ ഒരു വർഷമായി പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടന്ന ജൂൺ 18-ന് രാവിലെ 7 മണി മുതൽ വൈകിട്ട് 5.40 വരെ ചേതൻ തന്റെ ഫോണിലെ ഇന്റർനെറ്റ് ഓഫ് ആക്കി വെച്ചിരുന്നു. ലൊക്കേഷൻ ട്രാക്ക് ചെയ്യാതിരിക്കാൻ തന്റെ ഫോൺ സ്വന്തം കടയിൽ വെച്ച ശേഷം, കടയിലെ ജീവനക്കാരന്റെ ഫോണും വാങ്ങിയാണ് ലോഹഗഡിലേക്ക് പോയത്. അന്ന് ചേതന്റെ ഫോണിലേക്ക് വന്ന കോളുകളെല്ലാം കടയിലെ ജീവനക്കാരാണ് എടുത്തതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇതും അന്വേഷണത്തില്‍ നിര്‍ണായകമായി. സിയയുടെ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും ഈ ഗൂഢാലോചനയിൽ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ENGLISH SUMMARY:

Sensational new details have emerged in the high-profile Lohagad Fort murder investigation, revealing that the accused fiancée had made a failed attempt on the victim's life just days before the crime. According to police custody reports, Sia Goyal and her lover Chetan Choudhary confessed that she had previously pushed her fiancé, Ketan Agarwal, off the same cliffside on June fourteenth. Ketan miraculously survived that initial fall after being caught by a tree branch, which Sia deceitfully brushed off at the time as an accidental push while trying to protect him from a snake. Although a shaken Ketan was highly reluctant to return to the fort, Sia systematically pressured him into the fatal June eighteenth trip by claiming it was a mandatory birthday celebration with close friends. The initial accidental death theory fell apart after Ketan's friends pointed out his extensive experience as a seasoned trekker who was highly unlikely to lose his footing so easily. Furthermore, local cyber cell investigators uncovered critical digital evidence against Chetan, who had intentionally left his mobile phone at his shop with the internet disabled to forge a false alibi while using an employee's handset to track the couple.