murder

ഡൽഹി സർവകലാശാല പ്രൊഫസറുടെ കൊലപാതകത്തില്‍ ദമ്പതികളെ അറസ്റ്റ് ചെയ്ത് പൊലീസ്. പശ്ചിമ ബംഗാളുകാരായ ഭാര്യയും ഭര്‍ത്താവുമാണ് അറസ്റ്റിലായത്. കിഴക്കൻ ഡൽഹിയിലെ വസുന്ധര എൻക്ലേവിലുള്ള സത്യം അപ്പാർട്ട്മെന്റ്സിലെ ഫ്ലാറ്റിൽ കഴിഞ്ഞ ബുധനാഴ്ചയാണ് ദേബോസ്മിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാല് സംസ്ഥാനങ്ങളിലായി നടത്തിയ വ്യാപക റെയ്ഡുകൾക്കൊടുവിലാണ് പ്രതികളെ ബംഗാളിൽ നിന്നും പോലീസ് പിടികൂടിയത്.

ശിവാജി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു ദേവോസ്മിത പോള്‍. കിഴക്കൻ ഡൽഹിയിലെ വസുന്ധര എൻക്ലേവിലുള്ള സത്യം അപ്പാർട്ട്‌മെന്റിൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു അവർ. 2022-ൽ വിവാഹമോചനം നേടിയ ദേബോസ്മിത ഫ്ലാറ്റിൽ തനിച്ചായിരുന്നു താമസം. ഇവരുടെ ഭർത്താവ് ബംഗളൂരുവിലാണ്.സഹോദരിയാണ് ദേവോസ്മിതയെ മരിച്ചനിലയിൽ കണ്ടെത്തിയതായി വ്യാഴാഴ്ച പോലീസിനെ അറിയിച്ചത്. കൊല്ലപ്പെട്ട ദേബോസ്മിത പോളിനെ കാണാനെന്ന വ്യാജേനയാണ് ബർദ്ധമാൻ സ്വദേശികളായ ദമ്പതികൾ ഡൽഹിയിലെത്തിയത്. മാസ്ക് ധരിച്ചാണ് പ്രതികൾ ദേബോസ്മിതയുടെ ഫ്ലാറ്റിലെത്തിയത്. സംശയം തോന്നാതിരിക്കാൻ ഇവർ തങ്ങളുടെ കുട്ടിയെയും കൂടെ കരുതിയിരുന്നു. ലിഫ്റ്റിന് പകരം പടവുകൾ വഴിയാണ് ഇവർ ആറാം നിലയിലെ ഫ്ലാറ്റിലെത്തിയത്. സൗഹൃദപരമായി വീടിനുള്ളിൽ പ്രവേശിച്ച ഇവർ തുടർന്ന്, കൊണ്ടുവന്ന ആയുധം ഉപയോഗിച്ച് ദേവോസ്മിതയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.കൊലപാതകത്തിന് ശേഷം വസ്ത്രം മാറി ഏകദേശം 30 മിനിറ്റിനുള്ളിൽ പ്രതികൾ മടങ്ങിയെത്തുകയും താഴെ കാത്തുനിന്ന കാറിൽ കയറി രക്ഷപ്പെടുകയും ചെയ്തു.

ദേബോസ്മിതയുടെ ഫോൺ കോളുകൾക്ക് മറുപടി ലഭിക്കാതിരുന്നതിനെ തുടർന്ന് സഹോദരി ദേവാരതി വ്യാഴാഴ്ച ഫ്ലാറ്റിലെത്തി വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു ഫ്ലാറ്റ്. തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും കൈത്തണ്ടയിലെ ഞരമ്പുകൾ മുറിച്ച നിലയിലുമായിരുന്നു മൃതദേഹം. എന്നാൽ വീട്ടിലെ പണമോ ആഭരണങ്ങളോ നഷ്ടപ്പെടാത്തതിനാൽ ഇതൊരു മോഷണശ്രമമല്ലെന്ന് പോലീസ് ആദ്യമേ സ്ഥിരീകരിച്ചിരുന്നു.

തുടർന്ന് കാർ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ചതാണ് പ്രതികളെ തിരിച്ചറിയാൻ സഹായിച്ചത്. ബുധനാഴ്ച ഹൗസിങ് കോംപ്ലക്‌സ് സന്ദർശിച്ച ഇരുനൂറോളം ആളുകളിൽനിന്ന് സംശയാസ്പദമായ 13 പേരെ കണ്ടെത്തി പോലീസ് ചോദ്യംചെയ്തിരുന്നു. കൂടാതെ ഏഴ് പോലീസ് സംഘങ്ങൾ നാല് സംസ്ഥാനങ്ങളിലായി റെയ്ഡ് നടത്തുകയും നൂറുകണക്കിന് ആളുകളെ ചോദ്യംചെയ്യുകയും ചെയ്തു. ദേബോസ്മിതയ്ക്ക് തന്റെ അമ്മവഴിയുള്ള മുത്തശ്ശന്റെ മരണശേഷം പശ്ചിമ ബംഗാളിൽ കോടികൾ വിലമതിക്കുന്ന  സ്വത്ത് പാരമ്പര്യമായി ലഭിച്ചിരുന്നു. ഈ വീട്ടിലെ വാടകക്കാരായിരുന്നു പിടിയിലായ ദമ്പതികൾ. ഈ സ്വത്ത് സ്വന്തമാക്കാൻ ഇവർ ശ്രമിച്ചിരുന്നെങ്കിലും ഒഴിഞ്ഞുതരണമെന്ന് ദേബോസ്മിത ഇവരോട് കർശനമായി ആവശ്യപ്പെട്ടിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ദമ്പതികളെ കൊലപാതക ആസൂത്രണത്തിലേക്ക് നയിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

 

 

 

 

 

 

 

 

 

 

ENGLISH SUMMARY:

Delhi University professor murder case sees the arrest of a couple from West Bengal. The police apprehended the suspects in Bengal after extensive raids across four states, following the discovery of the professor's body.