പെരുന്നാൾ ആഘോഷത്തിന്‍റെ ഭാഗമായി കോഴിക്കോട് കൊടുവള്ളിയില്‍ നടുറോഡില്‍ പടക്കം പൊട്ടിച്ച മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. ഗതാഗതം തടഞ്ഞ് പടക്കം പൊട്ടിച്ചവരാണ്  അറസ്റ്റിലായത്. സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് കൊടുവള്ളി പൊലീസ് കേസെടുത്തത്.

കൊടുവള്ളി ബസ് സ്റ്റാഡിന് സമീപം ദേശീയപാതയില്‍ ബുധനാഴ്ച രാത്രിയായിരുന്നു യുവാക്കളുടെ അതിരുകടന്ന ആഘോഷം. റോഡിന്‍റെ ഇരുവശവും ഗതാഗതം തടഞ്ഞ് പടക്കം പൊട്ടിക്കുകയായിരുന്നു. സംഭവത്തില്‍ കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ഫായിസ്, മുഹമ്മദ് ഷാനിദ്, കുന്ദമംഗലം സ്വദേശി അര്‍ഷാദ് എന്നിവരാണ് പിടിയിലായത്.

ദേശീയ പാതയിൽ ഗതാഗതം തടഞ്ഞ് പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത് നാട്ടുകാരും രംഗത്തെത്തിയിരുന്നു. നാട്ടുകാരും യുവാക്കളും തമ്മില്‍ കയ്യാങ്കളിയും നടന്നു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് കൊടുവള്ളി പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.  

ഗതാഗത തടസമുണ്ടാക്കുക, സ്ഫോടകവസ്തുകള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലാവാനുണ്ട്. 

ENGLISH SUMMARY:

Three individuals have been arrested in Koduvally, Kozhikode, for celebrating Eid by bursting firecrackers on the road, causing traffic disruption. The arrests followed the widespread circulation of videos on social media depicting the illegal and disruptive celebration.