കണ്ണൂർ പിലാത്തറയിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ കണ്ടെത്തി. കാറിനുളളില്‍ രക്ത കറയും കണ്ടെത്തിയിട്ടുണ്ട്. വാഹനത്തില്‍ ഉണ്ടായിരുന്ന വസ്ത്രങ്ങള്‍ പുറത്തേക്ക് വലിച്ചുവാരിയിട്ട നിലയിലാണുളളത്. പ്രഭാത സവാരിക്ക് എത്തിയവരാണ് കാര്‍ കണ്ടെത്തിയത്. സംഭവത്തില്‍ പരിയാരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണം ആണെന്നാണ് പൊലീസിന്‍റെ സംശയം.
പിലാത്തറ കോ-ഓപ്പറേറ്റീവ് കോളജ് റോഡിന് സമീപം ആളൊഴിഞ്ഞ പറമ്പിലാണ് കാര്‍ കണ്ടെത്തിയത്. കാറിന്‍റെ മുന്‍ഭാഗവും സീറ്റ് ഉൾപ്പെടെയുള്ള ഭാഗങ്ങളും തകർക്കപ്പെട്ട നിലയിലാണ്. ചുറ്റും സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങള്‍ അലക്ഷ്യമായി വലിച്ചുവാരിയിട്ട നിലയിലാണ്. തലശ്ശേരി രജിസ്ട്രേഷനിലുള്ളതാണ് വാഹനം. പക്ഷേ ഉടമകള്‍ മലയാളികളല്ല, മഹാരാഷ്ട്രക്കാരനും തലശേരിയിൽ താമസക്കാരനുമായ അശോക് യശ്വന്ത് എന്നയാളുടെ പേരിലുള്ള വാഹനമാണിത്. എന്നാൽ വാഹനത്തിൽ ഉണ്ടായിരുന്നത് സ്ത്രീ ഉൾപ്പെടെ മറ്റു മൂന്നു പേരായിരുന്നു എന്നാണ് പോലീസ് കണ്ടെത്തൽ.
സ്വര്‍ണം നഷ്ടമായെന്ന് കാര്‍ ഉടമ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 30 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടെന്നാണ് അശോക് യശ്വന്ത് പറഞ്ഞത്. ആക്രമിച്ചത് പുലര്‍ച്ചെ അഞ്ചുമണിയോടെയെന്നും മൊഴിയിലുണ്ട്. തന്നെയും കുഞ്ഞിനെയും പുറത്തേക്ക് വലിച്ചിറക്കി വാഹനം ഒരുസംഘം തട്ടിയെടുത്തെന്നാണ് ഡ്രൈവറുടെ മൊഴി.