ആവശ്യത്തിന് പണം ലഭിക്കാത്തതില്‍ പ്രകോപിതനായി മോഷ്ടിക്കാന്‍ കയറിയ കടയ്ക്ക് തീയിട്ട് മോഷ്ടാവ്. തെങ്കാശി ജില്ലയിലെ കടയനല്ലൂരിന് സമീപമാണ് മോഷ്ടാവ് കടക്ക് തീയിട്ടത്. സംഭവത്തില്‍ പൻപൊഴി റോഡ് സ്വദേശിയായ ലക്ഷ്മണനെ പൊലീസ് അറസ്റ്റ് ചെയ്തു.
മധുര–തെങ്കാശി ദേശീയപാതയിൽ സൊക്കമ്പട്ടി പൊലീസ് സ്റ്റേഷന് സമീപം കെനഡി സ്ട്രീറ്റിൽ താമസിക്കുന്ന കണ്ണന്‍റെ പലചരക്ക് കടയാണ് അഗ്നിബാധയ്ക്ക് ഇരയായത്. തലേന്ന് രാത്രി കണ്ണൻ കട പൂട്ടി വീട്ടിലേക്ക് പോയിരുന്നു. പിറ്റേന്ന് പുലർച്ചെ സമീപത്തെ ചായക്കട ഉടമ കട തുറക്കാനെത്തിയപ്പോഴാണ് പലചരക്ക് കട തീപിടിച്ച് കത്തുന്നത് കണ്ടത്. വിവരമറിഞ്ഞ് കണ്ണൻ സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചെങ്കിലും കടയ്ക്കുള്ളിലുണ്ടായിരുന്ന ഏകദേശം 25,000 രൂപയുടെ സാധനങ്ങൾ കത്തിനശിച്ചു.
പരാതിയെ തുടർന്ന് സൊക്കമ്പട്ടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ദൃശ്യങ്ങളിൽ സംഭവദിവസം പുലർച്ചെ രണ്ടരയോടെ ഒരാൾ കടയ്ക്കുള്ളിൽ പ്രവേശിക്കുന്നതായി കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ലക്ഷ്മണനാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. ഇൻസ്പെക്ടർ മധു വിക്രമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ലക്ഷ്മണനെ അറസ്റ്റ് ചെയ്തു.
പൊലീസ് ചോദ്യം ചെയ്യലിലാണ് കടക്ക് തീയിടാനുണ്ടായ കാരണം ലക്ഷ്മണ്‍ വിവരിച്ചത്. പുലർച്ചെ കടയിൽ മോഷണത്തിനായി കയറിയ ലക്ഷ്മണന് വെറും 1,500 രൂപ മാത്രമായിരുന്നു ലഭിച്ചത്. ഇതിൽ പ്രകോപിതനായ ഇയാൾ കടയ്ക്ക് തീയിട്ട് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ചേരൻമഹാദേവി, കടയനല്ലൂർ, സൊക്കമ്പട്ടി എന്നീ പൊലീസ് സ്റ്റേഷനുകളിൽ ഉൾപ്പെടെ ലക്ഷ്മണനെതിരെ അഞ്ചിലേറെ മോഷണക്കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. മോഷണത്തിനിടെ പ്രതീക്ഷിച്ചത്ര പണം ലഭിച്ചില്ലെങ്കില്‍ വീടുകൾക്കും കടകൾക്കും തീയിടുന്നത് ലക്ഷ്മണന്റെ പതിവായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.