ഫയല്‍ ചിത്രം
ലോക പുകയില വിരുദ്ധ ദിനാചരണത്തിന് മുന്നോടിയായി കോട്ടയം ജില്ലയിൽ ആരോഗ്യ വകുപ്പും പൊലീസും സംയുക്തമായി നടത്തിയ വ്യാപക പരിശോധനയിൽ ആയിരത്തിലധികം വ്യാപാര സ്ഥാപനങ്ങൾ കുടുങ്ങി. കോട്പ (COTPA) നിയമപ്രകാരം ജില്ലയിലുടനീളം നടത്തിയ മിന്നൽ പരിശോധനയിൽ കോടികളുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളും ലഹരിവസ്തുക്കളുമാണ് പിടിച്ചെടുത്തത്.
ആരോഗ്യ വകുപ്പ്, നർക്കോട്ടിക് സെൽ, പൊലീസ്, കേരള വോളന്ററി ഹെൽത്ത് സർവീസിലെ പ്രോഗ്രാം ഓഫീസർമാർ എന്നിവരടങ്ങുന്ന 60 പ്രത്യേക സംഘങ്ങളാണ് ഒരേസമയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയത്. നിയമം ലംഘിച്ച് പുകയില ഉൽപ്പന്നങ്ങൾ വിറ്റ 1,221 സ്ഥാപനങ്ങളിൽ നിന്നായി ആകെ 24,400 രൂപ പിഴ ഈടാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ (DMO) ഡോ. എൻ. പ്രിയ അറിയിച്ചു. പ്രധാനമായും സ്കൂളുകളുടെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പരിസരങ്ങളിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന സിഗരറ്റ്, ബീഡി, ഇ-സിഗരറ്റുകൾ (E-Cigarettes) എന്നിവ പരിശോധനാ സംഘം പിടിച്ചെടുത്ത് നശിപ്പിച്ചു.
കോട്പ നിയമപ്രകാരം വ്യാപാര സ്ഥാപനങ്ങൾ പാലിക്കേണ്ട കർശന നിർദ്ദേശങ്ങളും ലംഘിച്ചാലുണ്ടാകുന്ന ശിക്ഷകളും അധികൃതർ വ്യക്തമാക്കുന്നു. എല്ലാ സ്ഥാപനങ്ങളുടെയും മുൻഭാഗത്ത് ദൃശ്യമാകുന്ന രീതിയിൽ 'പുകവലി വിമുക്ത സ്ഥലം; ഇവിടെ പുകവലി ശിക്ഷാർഹം' എന്ന ബോർഡ് പ്രദർശിപ്പിക്കണം.
വീഴ്ച വരുത്തുന്നവരിൽ നിന്ന് 200 രൂപ പിഴ ഈടാക്കും. കടകളുടെ മുൻവശത്ത് ആളുകളെ പുകവലിക്കാൻ അനുവദിച്ചാൽ സ്ഥാപന ഉടമയ്ക്കും പിഴ ചുമത്തും. എത്ര പേരാണോ അവിടെയിരുന്ന് പുകവലിക്കുന്നത്, അവരിൽ നിന്ന് ഈടാക്കുന്ന ആകെ തുകയ്ക്ക് തുല്യമായ തുക ഉടമയും പിഴയൊടുക്കേണ്ടി വരും.
പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടകളിൽ നിയമപ്രകാരമുള്ള നിർദ്ദിഷ്ട മുന്നറിയിപ്പ് ബോർഡ് മാത്രമേ പാടുള്ളൂ. സിഗരറ്റ് കമ്പനികളുടെ പരസ്യങ്ങൾ, ബ്രാൻഡ് പേര്, ചിത്രങ്ങൾ, ആകർഷകമായ വിലവിവരങ്ങൾ എന്നിവ പ്രദർശിപ്പിച്ചാൽ 2 മുതൽ 5 വർഷം വരെ തടവോ, 1000 രൂപ മുതൽ 5000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.
18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് കർശനമായി നിരോധിച്ചിട്ടുള്ളതും ശിക്ഷാർഹവുമാണ്. സ്കൂളുകൾ, കോളേജുകൾ എന്നിവയുടെ 91.4 മീറ്റർ (100 വാര) ചുറ്റളവിൽ പുകയില ഉൽപ്പന്നങ്ങളുടെ വിൽപന പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. ലഹരി ഉൽപ്പന്നങ്ങളുടെ വ്യാപനം തടയുന്നതിനായി വരും ദിവസങ്ങളിലും ജില്ലയിൽ കർശന പരിശോധനകൾ തുടരുമെന്ന് നർക്കോട്ടിക് സെല്ലും ആരോഗ്യ വകുപ്പും അറിയിച്ചു.