kottayam-crime-burglary-kanjirappally

TOPICS COVERED

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വീണ്ടും മോഷണം. ആനക്കല്ല് പൊൻമല കല്ലമ്പള്ളിയിൽ ഡോക്ടർ ആന്റണി ജോസഫിന്റെ വീട് കുത്തിത്തുറന്ന് അമ്പതിനായിരം രൂപയും രണ്ട് പവൻ സ്വർണാഭരണങ്ങളും കവർന്നു. കഴിഞ്ഞ രാത്രിയിലാണ് ആൾതാമസമില്ലാതിരുന്ന ഈ വീട്ടിൽ കവർച്ച നടന്നത്. കഴിഞ്ഞ ദിവസം പ്രദേശത്തെ ഗണപതിയാർ കോവിലിലും മോഷണം നടന്നിരുന്നു.

വീടിന്റെ പുറകിൽ സൂക്ഷിച്ചിരുന്ന ആയുധങ്ങൾ ഉപയോഗിച്ച് മുൻവാതിൽ തകർത്താണ് മോഷ്ടാക്കൾ ഉള്ളിൽ പ്രവേശിച്ചത്. കവർച്ചയ്ക്ക് ശേഷം വാതിൽ തകർക്കാൻ ഉപയോഗിച്ച ആയുധങ്ങൾ ഇവിടെത്തന്നെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച മുതൽ വീട്ടുടമസ്ഥർ സ്ഥലത്തില്ലായിരുന്നു. ഇത് കൃത്യമായി മനസ്സിലാക്കിയവരാകാം മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

മോഷണം നടന്ന വീട്ടിലെ സിസിടിവി ക്യാമറയിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിലും മുഖം മറച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. രാത്രി 12.30-ഓടെ മോഷ്ടാക്കൾ എത്തുന്നതും, ഒരു മണിയോടെ ക്യാമറ തുണി ഉപയോഗിച്ച് മറയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കാഞ്ഞിരപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ മാസം മാത്രം കാഞ്ഞിരപ്പള്ളി മേഖലയിൽ ഉണ്ടാകുന്ന മൂന്നാമത്തെ മോഷണമാണിത്. നേരത്തെ കാഞ്ഞിരപ്പള്ളി ഗണപതിയാർ കോവിലിൽ രണ്ട് തവണ മോഷണം നടന്നിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. ഇതിനിടയിലാണ് വീണ്ടും കവർച്ചയുണ്ടായിരിക്കുന്നത്.

ENGLISH SUMMARY:

Kanjirappally theft cases continue with a recent burglary at a doctor's residence, raising concerns within the community. Police are investigating the incident, which involved the theft of cash and gold ornaments, and are reviewing CCTV footage for clues.