പേരാമ്പ്രയില്‍ കാര്‍ കത്തി സോനയും ഭര്‍ത്താവ് രജിന്‍ ലാലും മരിച്ചത് എങ്ങനെയെന്ന് പൊലീസ് ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടിന്‍റെ സൂചനകള്‍ ഇല്ലാത്തതും രജിന്‍ലാലും സോനയും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന സോനയുടെ കുടുംബത്തിന്‍റെ പരാതിയുമാണ് കേസിനെ ദുരൂഹതയിലേക്ക് എത്തിച്ചത്.

 

കാര്‍ കത്തുന്ന മെയ് 15 ന് പേരാമ്പ്രയിലെ ബന്ധു വീട്ടിലെത്തിയ സോന പമ്പില്‍ നിന്ന്  പെട്രോള്‍ വാങ്ങുന്ന സി സി ടി വി ദ്യശ്യങ്ങള്‍ പുറത്തുവന്നതായിരുന്നു കേസിലെ ട്വിസ്റ്റ്. പെട്രോള്‍ വാങ്ങി കാറിനുള്ളില്‍ വച്ച് സോന തീയിട്ടിതാകാമെന്ന നിഗമത്തിലാണ് പൊലീസ്.രജിന്‍ ലാലിന്‍റെ മരണ മൊഴിയും ഇതു സാധൂകരിക്കുന്നതാണ്. രജിന്‍ ലാലും സോനയും തമ്മിലുള്ള പ്രശ്നങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.മറ്റൊരു സ്ത്രീയുമായി രജിന്‍ ലാലിന് ബന്ധമുണ്ടെന്നുള്ള സോനയുടെ സംശയങ്ങളാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് ബന്ധുക്കളുടെ മൊഴിയില്‍ നിന്ന് പൊലീസിന് കിട്ടിയ വിവരം.

 

കാറോടുന്നതിനിടെ പെട്രോളിന്‍റെ ഗന്ധത്തെ തുടര്‍ന്ന് തിരിഞ്ഞു നോക്കുമ്പോള്‍ പൊട്ടിത്തെറി ഉണ്ടായെന്നാണ് രജിന്‍ ലാല്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ പെട്രോള്‍ അടങ്ങിയ കന്നാസ് തുറന്ന് സോന തീയിട്ടപ്പോള്‍ പൊട്ടി തെറി ഉണ്ടായതായാണ് പൊലീസിന്‍റെ നിഗമനം. മോട്ടോര്‍ വാഹന വകുപ്പിന്‍റെ പരിശോധനയിലും സ്വഭാവികമായി കാര്‍ കത്തിയതിന്‍റെ സൂചനകള്‍ ഉണ്ടായിരുന്നില്ല. ഫോറന്‍സിക്ക് റിപ്പോര്‍ട്ടും സോനയുടെയും രജിന്‍ലാലിന്‍റെയും വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും കിട്ടുമ്പോള്‍ പെട്രോള്‍ സാന്നിധ്യമുണ്ടെങ്കില്‍ പൊലീസ് കണ്ടെത്തലുകള്‍ ഉറപ്പിക്കാം. ഈ റിപ്പോര്‍ട്ടുകള്‍ ചേര്‍ത്ത് കേസ് വിവരം പൊലീസ് കോടതിയില്‍ അറിയിക്കും. അങ്ങനെ കേസ് അവസാനിക്കാനാണ് സാധ്യത.

ENGLISH SUMMARY:

Perambra car fire details are being investigated by police, with initial theories pointing towards an accidental ignition of petrol by Sonna. The case remains under scrutiny due to a lack of short circuit evidence and reported marital issues.