കണ്ണൂരില്‍ ക്ഷേത്രത്തിലെത്തിയ മോഷ്ടാവും സെക്യൂരിറ്റി ജീവനക്കാരനും തമ്മിൽ വൻ സംഘട്ടനം. ചാലാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഇന്ന് പുലര്‍ച്ചെ മോഷണശ്രമത്തിനിടെയാണ് കള്ളനുമായി ജീവനക്കാരന്‍ വൈഷ്ണവ് ഏറ്റുമുട്ടിയത്. ഒടുവില്‍ ഓടിരക്ഷപ്പെട്ട കള്ളനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.
സെക്യൂരിറ്റി ജീവനക്കാരന്‍ വൈഷ്ണവ് ഒന്നുമയങ്ങിയതായിരുന്നു. കള്ളന്‍ മുറിയുടെ വാതില്‍ പുറത്തുനിന്ന് പൂട്ടിയത് വൈഷ്ണവ് അറിഞ്ഞില്ല. ധര്‍മശാസ്താ ക്ഷേത്രത്തിന്‍റെ മുന്‍വശത്തെ ഭണ്ഡാരം പൊളിക്കുന്ന ശബ്ദം കേട്ട് വൈഷ്ണവ് എഴുന്നേറ്റെങ്കിലും പുറത്തുനിന്ന് പൂട്ടിയ വാതില്‍ തുറന്ന് പുറത്തെത്താന്‍ സമയമെടുത്തു. അപ്പോഴേക്കും കള്ളന്‍ പുറകുവശത്തെ ഭണ്ഡാരം പൊളിക്കാന്‍ തുടങ്ങിയിരുന്നു. പിന്നെ കണ്ടത് സിനിമാ സ്റ്റൈല്‍ അടി.
വൈഷണവിന്‍റെ ജീവിതത്തില്‍ ആദ്യാനുഭവമാണിത്. കൈക്കരുത്ത് കൊണ്ട് നേരിട്ടതിനാല്‍ വലിയ മോഷണം ഒഴിവാക്കാനായി. എന്നാല്‍ മോഷ്ടാവ് ആരാണെന്ന് മനസിലായിട്ടില്ല. പിക്കാസ് കൊണ്ടാണ് ഭണ്ഡാരം പൊളിച്ചത്. ഇതേ പിക്കാസുകൊണ്ട് തന്നെ കൊല്ലാന്‍ ശ്രമിച്ചെന്നും വൈഷ്ണവ് പറഞ്ഞു. ജീവനക്കാരന്‍റെ പിടിയില്‍ നിന്ന് ഓടിരക്ഷപ്പെടുന്നതിനിടക്ക് അടുത്തുള്ള വീട്ടില്‍ നിന്ന് കള്ളന്‍ വസ്ത്രം മാറുകയും ചെയ്തു. പൊലീസ് അന്വേഷണം തുടരുകയാണ്.