കൊച്ചിയിൽ പെൺസുഹൃത്തുമായുള്ള വിവാഹത്തെ എതിർത്തതിന് വല്ല്യച്ഛനെ കാറ് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അമ്മയെ തല്ലുന്ന ദൃശ്യങ്ങൾ മനോരമ ന്യൂസിന്. അയ്യപ്പൻകാവ് സ്വദേശി അഭിജിത്ത് പ്രസാദ് സ്വന്തം അമ്മയെ തല്ലുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇയാളെ നേരത്തെ പൊലിസ് പിടികൂടിയിരുന്നു. അഭിജിത് കൊല്ലാൻ ശ്രമിച്ച അയ്യപ്പൻകാവ് സ്വദേശി സത്യപാലൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.
ഏപ്രിൽ 21നു വീട്ടിൽ വച്ച് അഭിജിത്ത് അമ്മയെ ആക്രമിക്കുന്നതും മുഖത്തടിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തു വന്നത്. മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ അഭിജിത്തിന്റെ അമ്മയും അച്ഛനും ആശുപത്രിയിൽ ചികിത്സയിലാണ്. ഈ വിഷയത്തിൽ പരാതി നൽകിയെങ്കിലും പൊലിസ് നടപടി വൈകിയെന്നും ആരോപണം ഉണ്ട്. കൊച്ചി പച്ചാളത്ത് ട്രാവൽ ഏജൻസി നടത്തുന്ന അഭിജിത്ത് വിവാഹമോചിതയും, ഒരു കുഞ്ഞിന്റെ അമ്മയുമായ യുവതിയുമായി അടുപ്പത്തിലാണ്. എന്നാൽ യുവതിയുമായുള്ള വിവാഹത്തെ രക്ഷിതാക്കളും മറ്റു ബന്ധുക്കളും എതിർത്തു.
വല്ല്യച്ഛൻ ആണ് എതിർപ്പിന്റെ മുഖ്യകാരണക്കാരൻ എന്ന നിഗമനത്തിലാണ് ക്രൂരകൃത്യത്തിന് അഭിജിത്ത് മുതിർന്നത്. ഇന്നലെ രാവിലെ അയ്യപ്പൻകാവ് - ചിറ്റൂർ റോഡിൽ വച്ചാണ് സ്കൂട്ടറിൽ പോവുകയായിരുന്ന വല്ല്യച്ഛൻ സത്യപാലനെ അഭിജിത്ത് കാറ് ഉപയോഗിച്ച് ഇടിച്ചിട്ടത്. അപകടം എന്ന് വരുത്തി തീർക്കാൻ ഇതേ കാറിൽ തന്നെ അഭിജിത്ത് വല്ല്യച്ഛനെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ബന്ധുക്കൾക്ക് തോന്നിയ സംശയമാണ് വിശദമായ അന്വേഷണത്തിലേക്ക് പൊലീസിനെ എത്തിച്ചത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ റോഡരികിൽ അഭിജിത്ത് പതുങ്ങി നിൽക്കുന്നതും, സത്യപാലൻ സ്കൂട്ടറിൽ വരുമ്പോൾ പിന്തുടരുന്നതും കണ്ടെത്തി. തുടർന്നാണ് അഭിജിത്തിനെ അറസ്റ്റ് ചെയ്തത്.