പത്തനംതിട്ട ഇളമണ്ണൂരിൽ ഹോട്ടൽ നടത്തിപ്പുകാരനായ യുവാവിനെ പഴയ ഉടമയും കുടുംബവും ചേർന്ന് ക്രൂരമായി മർദിച്ചു. ഇളമണ്ണൂർ സ്വദേശി ടോണി പി. നൈനാന് നേരെയാണ് ആക്രമണമുണ്ടായത്. മർദനത്തിൽ ടോണിയുടെ തോളെല്ലിന് പൊട്ടലേറ്റു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് നാട്ടിൽ ഉയരുന്നത്.
ഹോട്ടലിലെ സാധനങ്ങളുടെ വിലയായി നിശ്ചയിച്ചിരുന്ന തുക നൽകാൻ വൈകിയതാണ് അക്രമാസക്തമായ മർദനത്തിൽ കലാശിച്ചത്. ഹോട്ടൽ ഉപകരണങ്ങളുടെ വിലയായി 25,000 രൂപ നൽകാനായിരുന്നു കരാർ. ദിവസം 1,000 രൂപ വീതം പഴയ ഉടമ പ്രിൻസിന് നൽകണമെന്നായിരുന്നു വ്യവസ്ഥ.
മാർച്ച് നാല് മുതൽ കൃത്യമായി പണം നൽകിയിരുന്നെങ്കിലും മാർച്ച് 20 മുതൽ മുടങ്ങി. പാചകവാതക ലഭ്യത കുറഞ്ഞതിനാൽ ഹോട്ടൽ അടച്ചിടേണ്ടി വന്നതാണ് പണം നൽകാൻ വൈകാൻ കാരണമെന്ന് ടോണി പറയുന്നു. ഹോട്ടൽ തുറക്കുന്ന മുറയ്ക്ക് പണം നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും പഴയ ഉടമ ഇത് വകവെച്ചില്ല.
മാർച്ച് 25-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പഴയ ഉടമ പ്രിൻസ്, ഭാര്യ എൽസി, മകൻ ടോണി എന്നിവർ ഹോട്ടലിലെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. ഹോട്ടലിലുണ്ടായിരുന്ന സ്റ്റീൽ ജഗ് ഉപയോഗിച്ചാണ് ടോണി പി. നൈനാനെ മർദിച്ചത്. ഇതിനിടയിലാണ് ഇദ്ദേഹത്തിന്റെ തോളെല്ലിന് ഗുരുതരമായി പരുക്കേറ്റത്.
മർദനത്തിന് പുറമെ ഹോട്ടലിലുണ്ടായിരുന്ന ഭക്ഷണസാധനങ്ങളും സംഘം നശിപ്പിച്ചു. വിളമ്പി വെച്ചിരുന്ന ചോറിൽ ഹാൻഡ് വാഷ് ഒഴിച്ചാണ് ഇവർ മടങ്ങിയതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ ടോണി പി. നൈനാന്റെ പരാതിയിൽ അടൂർ പൊലീസ് കേസെടുത്തു. പഴയ ഉടമ പ്രിൻസ്, ഭാര്യ എൽസി, മകൻ ടോണി എന്നിവരെ പ്രതി ചേർത്താണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
പ്രതികൾ ഒളിവിലാണെന്നാണ് സൂചന. ക്രൂരമായ മർദനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പ്രതികൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.