തൃശൂർ അവിണിശേരിയിൽ ഭർത്താവ് , ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നു. ഭർത്താവ് കസ്റ്റഡിയിൽ. കഞ്ചാവ് കേസിലെ പ്രതിയായിരുന്നു ഭർത്താവ്. തൃശൂർ അവിണിശേരി സ്വദേശി ശിവപ്രസാദാണ് ഭാര്യ ഉണ്ണിമായയെ കൊന്നത്. ശിവപ്രസാദിന് മുപ്പതും ഉണ്ണിമായയ്ക്ക് ഇരുപത്തിയാറും വയസായിരുന്നു. നാലു വയസുള്ള മകളുണ്ട്.
ഇന്ന് രാവിലെ എട്ടു മണിയോടെയാണ് കൊലപാതകം. തൃശൂരിലെ കടയിൽ അക്കൗണ്ടന്റാണ് ഉണ്ണിമായ . ശക്തൻ മാർക്കറ്റിൽ കടയിലെ തൊഴിലാളിയാണ് ശിവപ്രസാദ്. അഞ്ചു വർഷം മുമ്പായിരുന്നു പ്രണയ വിവാഹം. ശിവ പ്രസാദ് കഞ്ചാവ് ഉപയോഗിച്ചിരുന്നു. കഞ്ചാവ് കേസിൽ പിടിക്കപ്പെട്ടിട്ടുണ്ട്. രാവിലെ ജോലിയ്ക്ക് പോകാൻ തയാറായി നിൽക്കുകയായിരുന്നു ഉണ്ണിമായ. പെർഫ്യൂം അടിക്കാൻ മുകളിലെ മുറിയിൽ പോയതായിരുന്നു. ഈ സമയത്താണ് ശിവപ്രസാദ് ആക്രമിച്ചത്. കഴുത്ത് ഞെരിച്ചതോടെ നിലവിളിച്ചു. അയൽപ്പക്കത്തെ കെട്ടിട നിർമാണ തൊഴിലാളികൾ ഓടി വന്നു. ഈ സമയം ശിവപ്രസാദ് ആരേയും അടുപ്പിച്ചില്ല. അമ്മയോട് ശിവപ്രസാദ് ഭാര്യയെ കൊന്ന വിവരം പറഞ്ഞു. തൊട്ടടുത്ത ബന്ധു വീട്ടിൽ നിന്ന് ആളുകൾ എത്തിയാണ് ഉണ്ണിമായയെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേയ്ക്കും മരിച്ചിരുന്നു.
കൊലയ്ക്കു ശേഷം ശിവപ്രസാദ് നേരെ പോയത് അഭിഭാഷകനെ കാണാനാണ്. അയ്യന്തോളിൽ നിന്നാണ് ശിവപ്രസാദിനെ പിടികൂടിയത്. കൊലപാതകം നടക്കുമ്പോൾ ഏകമകൾ നാലു വയസുകാരി ഉണ്ണിമായയുടെ വീട്ടിലായിരുന്നു. ശിവപ്രസാദിനെതിരെ കൊലക്കുറ്റം ചുമത്തി നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു.