നെയ്യാറ്റിന്‍കര വൃത്താങ്കരയില്‍ കൊല്ലപ്പെട്ട അല്‍മ അയല്‍ക്കാരുമായി അകലം പാലിച്ചിരുന്നെങ്കിലും ഫെയ്സ്ബുക്കില്‍ 11,000 പേര്‍ പിന്തുടരുന്ന വലിയ സുഹൃത്ത് വലയത്തിന് ഉടമയായിരുന്നു. പൂച്ചകളെ വളര്‍ത്തിയിരുന്ന ഇവര്‍ ഇതുമായി ബന്ധപ്പെട്ട വിഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നത്. സമൂഹ മാധ്യമങ്ങളില്‍ സജീവമായ അല്‍മയ്ക്ക് ഇതിനുള്ള പിന്തുണ വിഷ്ണു നല്‍കിയിരുന്നു. എന്നാല്‍ ഇരുവര്‍ക്കുമിടയില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങളാണ് കൊലയിലേക്ക് എത്തിച്ചത്.
ഒന്‍പത് വര്‍ഷം മുന്‍പ് വിഷ്ണുവിന്‍റെയും അല്‍മയുടെയും പ്രണയ വിവാഹമായിരുന്നു. ഇവര്‍ക്ക് കുഞ്ഞുങ്ങളുണ്ടായിരുന്നില്ല. ഇതിന്‍റെ പേരിലുള്ള കലഹം കൊലപാതകത്തില്‍ കലാശിച്ചു എന്നാണ് വിഷ്ണു പൊലീസിന് നല്‍കിയ മൊഴി. ഇന്നലെ രാവിലെ ഇക്കാര്യത്തില്‍ വഴക്കുണ്ടായി. പിന്നാലെ വെട്ടുകത്തിയെടുത്ത് അല്‍മയുടെ പിന്‍കഴുത്തിലും തലയിലും വെട്ടുകയായിരുന്നു. വിഷ്ണുവിനെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും. പി.എസ്.എസി കോച്ചിങ് സെന്‍ററിലെ അധ്യാപകനാണ് വിഷ്ണു.
സമൂഹ മാധ്യമങ്ങളിലൊക്കെ സജീവമായ അല്‍മ പൂച്ചകളുമായി ബന്ധപ്പെട്ടാണ് കൂടുതലും വീഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുളളത്. യാത്രകളെ ഇഷ്ടപ്പെട്ടിരുന്ന യുവതി ഭര്‍ത്താവിനൊപ്പമുളള യാത്രകളുടെ വിവരങ്ങളും സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ചിട്ടുണ്ട്. ഫെയ്സ്ബുക്കില്‍ നിന്നും ടാലന്‍റ് ബാഡ്ജ് നേടിയതിനെ കുറിച്ചുള്ളതായിരുന്നു അല്‍മയുടെ അവസാന സമൂഹ മാധ്യമ പോസ്റ്റ്.