തൃശ്ശൂർ ചേലക്കരയിൽ തറവാട് വീടിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് അനിയനെ ജ്യേഷ്ഠൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ചേലക്കര സ്വദേശി അൻസാർ അലി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജ്യേഷ്ഠൻ അൻവർ അലിയെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിനുള്ളിലെ കോണിപ്പടിയിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പ്രവാസിയായിരുന്ന അൻസാർ അലി നാട്ടിൽ തിരിച്ചെത്തിയ ശേഷം തറവാട് വീട്ടിൽ താമസിക്കുന്നതുമായി ബന്ധപ്പെട്ട് ജ്യേഷ്ഠൻ അൻവർ അലിയുമായി നിരന്തരമായി തർക്കങ്ങൾ നിലനിന്നിരുന്നു. അൻസാർ അലി സുഹൃത്തുക്കളുമായി ചേർന്ന് വീട്ടിലിരുന്ന് മദ്യപിക്കുന്നത് തർക്കം രൂക്ഷമാകാൻ കാരണമായതായി പൊലീസ് പറയുന്നു. കഴിഞ്ഞ ഞായറാഴ്ചയും ഇരുവരും തമ്മിൽ വലിയ തോതിൽ വഴക്കുണ്ടാവുകയും പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് ക്രൂരമായ കൊലപാതകം നടന്നത്.
അൻസാറിന്റെ തലയിലും ശരീരത്തിലും ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. തലയിൽ ആയുധം ഉപയോഗിച്ചുള്ള നാലിഞ്ച് നീളത്തിലുള്ള മുറിവും ശരീരത്തിൽ ഏഴിഞ്ച് നീളത്തിലുള്ള മുറിവും കണ്ടെത്തി. തലയ്ക്കേറ്റ ഗുരുതരമായ പരുക്കാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ആദ്യം ദുരൂഹമരണമെന്ന നിലയിലാണ് വാർത്തകൾ പുറത്തുവന്നതെങ്കിലും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് അൻവർ അലിയെ ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള നടപടികൾ ആരംഭിച്ചു.