കോഴിക്കോട് മുക്കം എസ്ഐയുടെ വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച. ഒരാള്‍ പിടിയില്‍. രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടു. മോഷണത്തില്‍ 8500 രൂപ നഷ്ടമായി. വൈകിട്ട് മൂന്നിന് ആണ് മുക്കം പൊലീസ് സ്റ്റേഷനോട് ചേര്‍ന്നുള്ള വീട്ടില്‍ അരീക്കോട് സ്വദേശി അനീസ് ബാബു അടക്കമുള്ള മൂന്നംഗ കവര്‍ച്ചാസംഘം എത്തിയത്. വീടിന്‍റെ പുറകിലെ വാതില്‍പൊളിച്ച് അകത്തുകയറി.
അടുക്കളയില്‍ കയറി ഫ്രിഡ്ജ് തുറന്ന് മുട്ടയെടുത്ത് ഓംലറ്റ് അടിച്ച് കഴിച്ചു. അതിന് ശേഷമാണ് അലമാര പൊളിച്ച് 8500 രൂപ മോഷ്ടിച്ചത്. ലാപ്ടോപ് അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ മോഷ്ടിച്ച് വീടിന് പുറത്തെത്തിച്ചെങ്കിലും അവസാനനിമിഷം കൊണ്ടുപോകാനായില്ല.
ഇതിന് തൊട്ടടുത്താണ് ബവ്റിജസ് ഔട്ട്‌ലെറ്റ്. ഇവിടെ നിന്ന് മദ്യപിച്ചാണ് പ്രതികള്‍ മോഷണത്തിനെത്തിയത്. മാറി മാറി വരുന്ന മുക്കം പൊലിസ് എസ്ഐമാര്‍ സ്ഥിരമായി താമസിക്കുന്ന വീടാണ് ഇത്. ഓടിരക്ഷപ്പെട്ട രണ്ട് പേര്‍ക്കായി പൊലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ഇവരും അരീക്കോട് സ്വദേശികളാണ്.