കോഴിക്കോട് ജില്ലയിലെ നാദാപുരം കല്ലാച്ചിയിൽ പതിനൊന്നുകാരന് നേരെ പാമ്പ് പാഞ്ഞടുത്തു. വീട്ടു മുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ നിന്ന് സാധനങ്ങൾ എടുക്കുന്നതിനിടെയാണ് കുട്ടിക്ക് നേരെ അപ്രതീക്ഷിതമായി പാമ്പ് എത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. സ്കൂട്ടറിന്റെ പിന്നിൽ നിന്നെത്തിയ പാമ്പ് കുട്ടിയെ കൊത്താൻ ശ്രമിച്ചെങ്കിലും ധരിച്ചിരുന്ന പാന്റിലാണ് കൊത്തേറ്റത്. പാമ്പ് കൊത്താൻ ശ്രമിച്ച ഉടൻ തന്നെ കുട്ടി വേഗത്തിൽ ഓടി മാറിയതിനാലാണ് അപകടം ഒഴിവായത്.
കുട്ടി ഓടി മാറിയതിന് ശേഷവും പാമ്പ് ഇഴഞ്ഞ് കുട്ടിയുടെ അടുത്തേക്ക് തന്നെ വരുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി കാണാൻ സാധിക്കും. പിന്നീട് പാമ്പ് മറ്റൊരു വഴിയിലേക്ക് ഇഴഞ്ഞു നീങ്ങുകയായിരുന്നു. വേനൽക്കാലമായതിനാൽ കടുത്ത ചൂടിൽ നിന്ന് രക്ഷനേടാനും തണുപ്പ് തേടിയും പാമ്പുകൾ സ്കൂട്ടറുകൾക്കുള്ളിലും ഇരുചക്ര വാഹനങ്ങളുടെ പിന്നിലും കയറിക്കൂടാൻ വലിയ സാധ്യതയുണ്ട്.
അതിനാൽ വാഹനങ്ങൾ എടുക്കുമ്പോഴും പുറത്ത് വെച്ചിരിക്കുന്ന ചെരുപ്പുകളും ഷൂസുകളും ധരിക്കുമ്പോഴും ജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. പുറത്തിറങ്ങുമ്പോഴും ചുറ്റുപാടുകൾ കൃത്യമായി ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവം വ്യക്തമാക്കുന്നത്. തലനാരിഴയ്ക്കാണ് കുട്ടി പാമ്പിന്റെ കടിയിൽ നിന്നും രക്ഷപ്പെട്ടത്.