കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ബന്തിയോട് അടുക്കയിൽ ഒരേ രാത്രി മൂന്ന് വീടുകളിൽ കവർച്ചാശ്രമം നടന്നു. ഹനീഫ, അയൽവാസികളായ മുഹമ്മദ്, അബ്ദുള്ള എന്നിവരുടെ വീടുകളിലാണ് ഞായറാഴ്ച പുലർച്ചെ മോഷ്ടാവ് എത്തിയത്.
ഹനീഫയുടെ വീടിന്റെ അടുക്കളവാതിലിന്റെ കട്ടിളപ്പാളി അടർത്തിമാറ്റി അകത്തുകയറിയ മോഷ്ടാവ്, ആദ്യം മുകൾനിലയിലെ മുറിയിലാണ് പരിശോധന നടത്തിയത്. അലമാരകൾ കുത്തിത്തുറന്ന് വസ്ത്രങ്ങൾ വാരിവലിച്ചിട്ടെങ്കിലും വിലപിടിപ്പുള്ളതൊന്നും കണ്ടെത്താനായില്ല. തുടർന്ന് താഴത്തെ നിലയിൽ ഹനീഫയും ഭാര്യയും ഉറങ്ങിക്കിടന്ന മുറിയിലെത്തിയെങ്കിലും, വീട്ടമ്മ ഉണർന്ന് ബഹളം വെച്ചതോടെ മോഷ്ടാവ് കടന്നുകളയുകയായിരുന്നു.
അടുക്ക സ്വദേശി അബ്ദുള്ളയുടെ വീട്ടിലും സമാനമായ രീതിയിൽ പുലർച്ചെ നാലോടെ മോഷ്ടാവെത്തി. അബ്ദുള്ള പള്ളിയിൽ പോയ സമയത്തായിരുന്നു ഇത്. മുഖംമൂടി ധരിച്ചയാൾ വീടിന് ചുറ്റും നടക്കുന്നത് ഗൾഫിലുള്ള അബ്ദുള്ളയുടെ മകൻ സിസിടിവി വഴി തത്സമയം കാണുകയും ഉടൻ നാട്ടിലെ വീട്ടുകാരെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയുമായിരുന്നു. വീട്ടുകാർ ബഹളം വെച്ചതോടെ ഇയാൾ ഇവിടെ നിന്നും രക്ഷപ്പെട്ടു. അയൽവാസിയായ മുഹമ്മദിന്റെ വീട്ടിലും കവർച്ചാശ്രമം നടന്നെങ്കിലും ഒന്നും കൊണ്ടുപോകാനായില്ല.
മുഖംമൂടിയും ഗ്ലൗസും ഫുൾകൈ ഷർട്ടും ധരിച്ച മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഒരു വീട്ടുപടിക്കൽ നിന്ന് മോഷ്ടാവ് ഉപേക്ഷിച്ച മുഖംമൂടി കണ്ടെടുത്തു. സംഭവമറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഒരേ ദിവസം മൂന്ന് വീടുകളിൽ മോഷണശ്രമം നടന്നത് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്.