അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിൻ രാജ് ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപുള്ള ദൃശ്യം പുറത്ത്. ലോൺ ആപ്പിലെ ഭീഷണിയെ തുടർന്ന് ടീച്ചർ പരാതിപ്പെടുന്നതും നിതിൻ രാജിനെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പ്രിൻസിപ്പൽ ശകാരിക്കുന്നതുമാണ് ദൃശ്യങ്ങളിൽ. അതിനിടെ ഭീഷണിപ്പെടുത്തിയ ലോൺ ആപ്പ് നടത്തിപ്പുകാരെ നോയിഡയിൽ നിന്നും പൊലീസ് പിടികൂടി
നിതിൻ രാജ് ആത്മഹത്യ ചെയ്യുന്നതിന് 25 മിനിറ്റ് മുൻപുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നത് . ആത്മഹത്യ ചെയ്ത ദിവസം ഉച്ചയോടെ അധ്യാപിക ലതാ പ്രിൻസിപ്പളിന്റെ ഓഫീസിൽ എത്തി. നിതിൻ രാജ് ലോൺ എടുത്തതിന്റെ ഭാഗമായി തനിക്ക് ഭീഷണി കോൾ വരുന്നതായി പരാതിപ്പെട്ടു. പ്രിൻസിപ്പലിനോട് പരാതിപ്പെടുന്ന സമയത്തും ഫോണിൽ ഭീഷണി സന്ദേശം വരുന്നതായി ദൃശ്യങ്ങളിൽ കാണാം.
തുടർന്ന് പ്രിൻസിപ്പൽ നിതിൻ രാജിനെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. കാര്യങ്ങൾ ചോദിച്ചശേഷം നിതിൻ രാജിനേ പ്രിൻസിപ്പൽ ശകരിക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഓഫീസിൽ നിന്നും പുറത്തേക്ക് പോയി അരമണിക്കൂറിനുള്ളിലാണ് നിതിൻ രാജ് ജീവനൊടുക്കിയത്. അതിനിടെ, നിതിൻ രാജിനെ ഭീഷണിപ്പെടുത്തിയ ലോൺ ആപ്പ് നടത്തിപ്പുകാരെ നോയിഡയിലെത്തി കണ്ണൂർ സൈബർ പോലീസ് പിടികൂടി.
ഇവരുടെ പക്കൽ നിന്നും 30 സിം കാർഡുകളും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വിദ്യാർഥികളുടെ ആരോപണത്തിന് പിന്നാലെ പ്രതിഷേധ സൂചകമായി അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഓർത്തോഡോന്റിക്സ് വിഭാഗത്തിലെ എല്ലാ ജീവനക്കാരും രാജി കത്ത് നൽകി. രാജി മാനേജ്മെന്റ് സ്വീകരിച്ചിട്ടില്ല.