പാലക്കാട് ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം അജ്ഞാതനെ കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. അരുവിക്കര കുറുത്തോട്ടം രേവതി ഭവനിൽ മധുസൂദനൻ നായർ ആണ് അറസ്റ്റിലായത്. അതേസമയം, കൊല്ലപ്പെട്ടയാളെ ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. 

ഒറ്റപ്പാലം ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ മദ്യവിൽപനശാലയ്ക്കു സമീപത്തുനിന്നാണ് പ്രതി മധുസൂദനൻ നായരെ പ്രത്യേക സംഘം പിടികൂടിയത്. മധുസൂദനൻ നായർ കൊല്ലപ്പെട്ടയാൾക്കു 2000 രൂപ കടം നൽകിയിരുന്നു. ഇതു തിരികെ നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണു കണ്ടെത്തൽ. 60 വയസ്സു തോന്നിക്കുന്ന ഇതര സംസ്ഥാനക്കാരനാണ് കൊല്ലപ്പെട്ടത്. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ഇവർക്കു കൊലപാതകത്തിൽ പങ്കില്ലെന്നാണു കണ്ടെത്തൽ. ചൊവ്വാഴ്ച രാവിലെയാണു ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം മൃതദേഹം കണ്ടെത്തിയത്.  തലയിൽ മാരകമായ മുറിവേറ്റു രക്തം വാർന്നായിരുന്നു മരണം. കൊല്ലപ്പെട്ടയാളും ഒപ്പമുള്ള സ്ത്രീയും രണ്ട് ദിവസം മുൻപാണ് ഒറ്റപ്പാലത്തെത്തിയത്. പ്ലാസ്റ്റിക് കുപ്പികളും പഴയ സാധനങ്ങളും പെറുക്കി വിറ്റാണ് ഉപജീവനം. അറസ്റ്റിലായയാളും ആക്രി സാധനങ്ങൾ പെറുക്കി നടക്കുന്നയാളാണ്. സിസിടിവി ക്യാമറ കേന്ദ്രീകരിച്ചായിരുന്നു  ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൻ്റെ അന്വേഷണം. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമം സമാന്തരമായി പുരോഗമിക്കുകയാണ്.

ENGLISH SUMMARY:

Ottapalam bus stand murder case involved the arrest of a Thiruvananthapuram resident for killing an unidentified man over a debt dispute. The victim, an inter-state migrant, was found with fatal head injuries near the police aid post.