14കാരി പ്രസവിച്ചതിന് പിന്നാലെ പോക്സോ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. അറസ്റ്റിലായ ആണ്‍കുട്ടിക്കും പ്രായപൂര്‍ത്തിയായിട്ടില്ല. ഉത്തരാഖണ്ഡിലെ പിത്തോറഗഡിലാണ് സംഭവം. പിത്തോറഗഡ് ജില്ലാ ആശുപത്രിയിലാണ് പെൺകുട്ടി പ്രസവിച്ചത്. ഇരുവരും മുൻസ്യാരി സ്വദേശികളാണ്.

പെൺകുട്ടിയുടെ അച്ഛൻ പൂനെയിൽ ഗാർഡായി ജോലി ചെയ്യുകയാണ്. അമ്മ ഉപേക്ഷിച്ചുപോയ പെണ്‍കുട്ടി മുൻസ്യാരിയിൽ രണ്ടാനമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. സ്കൂളിൽ വച്ചുണ്ടായ പ്രണയമാണ് പ്രായപൂര്‍ത്തിയാവുന്നതിനുമുന്നേയുള്ള വിവാഹത്തിലെത്തിയത്. ഇവർ കഴിഞ്ഞ വർഷം ഒരു ക്ഷേത്രത്തിൽ വച്ചാണ് വിവാഹിതരായതെന്നാണ് അവകാശപ്പെടുന്നത്. 

തുടർന്ന് പുണെയിലേക്ക് താമസം മാറുകയായിരുന്നു. പുണെയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ആണ്‍കുട്ടി ജോലി ചെയ്തിരുന്നത്. ഇതിനിടയ്ക്ക് പെണ്‍കുട്ടി ഗര്‍ഭിണിയുമായി. പ്രസവവേദനയെത്തുടർന്ന് പെൺകുട്ടിയെ ഭർതൃവീട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. പെൺകുട്ടിക്ക് 14 വയസ്സ് മാത്രമേയുള്ളൂ എന്ന് തിരിച്ചറിഞ്ഞതോടെ ആശുപത്രി അധികൃതർ ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു.

മുൻസ്യാരി പോലീസ് സ്റ്റേഷനിൽ പോക്സോ നിയമപ്രകാരം കേസെടുത്തു. പെൺകുട്ടിയുടെ ആരോഗ്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രിയിൽ അവരുടെ പരിചരണത്തിനും സുരക്ഷയ്ക്കും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ലക്ഷ്മൺ സിങ് ഖാതി പറഞ്ഞു. പ്രായപൂർത്തിയാകാത്ത ആൺകുട്ടി നിലവിൽ പുണെയിലാണ്. ഇതുവരെ പിത്തോറഗഡിലേക്ക് തിരിച്ചെത്തിയിട്ടില്ല. വിശദാംശങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണെന്ന് സബ് ഇൻസ്പെക്ടർ ബബിത തംത പറഞ്ഞു.

ENGLISH SUMMARY:

In a concerning case, a 14-year-old girl became a mother and her husband, also a minor, has been arrested under the POCSO Act. This incident highlights the severe issues surrounding underage marriage and pregnancy in the region.