breaking-car-glass

TOPICS COVERED

ഡൽഹി സർവകലാശാല നോർത്ത് ക്യാമ്പസിലെ മോഷണത്തിന് പിന്നാലെ രാജ്യതലസ്ഥാനത്തെ സുരക്ഷ വീണ്ടും ചർച്ചയായിരിക്കുകയാണ്. മൈത്രേയി കോളേജ് അസിസ്റ്റന്റ് പ്രൊഫസറുടെ കാർ പട്ടാപ്പകൽ കുത്തിത്തുറന്നാണ് ലാപ്ടോപ്പും പഴ്സും മോഷ്ടാക്കൾ കവർന്നത് രണ്ടുദിവസം മുൻപാണ്. സാമ്പത്തിക നഷ്ടത്തേക്കാളുപരി, ലാപ് ടോപ്പിലുണ്ടായിരുന്ന ആറ് വർഷത്തെ കഠിനാധ്വാനത്തിലൂടെ ശേഖരിച്ച പിഎച്ച്ഡി ഗവേഷണ വിവരങ്ങൾ  നഷ്ടപ്പെട്ടതിന്റെ  മാനസിക ആഘാതത്തിലായിരുന്നു അധ്യാപിക. 

മോഷണവിവരം അറിഞ്ഞപ്പോൾ താൻ പൂർണ്ണമായും തകർന്നുപോയെന്നും എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണെന്നും അധ്യാപിക പ്രതികരിച്ചു. ബാക്കപ്പ് ഇല്ലാത്ത വിലപ്പെട്ട അക്കാദമിക് ഡാറ്റയാണ് ഒറ്റനിമിഷം കൊണ്ട് നഷ്ടമായത്. വിദ്യാർത്ഥികളും അധ്യാപകരും എപ്പോഴും ഉള്ള, തിരക്കേറിയ റോഡിലാണ് മോഷണം നടന്നത്. പോലീസ് കേസെടുത്ത് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിട്ടും ആശാവഹമായ വിവരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. തുടർന്നാണ് അധ്യാപികയും ഭർത്താവും ലാപ്ടോപ്പിനായി മിനക്കെട്ടിറങ്ങിയത്.

ഭർത്താവിനൊപ്പം കാറിൽ പോലീസ് സ്റ്റേഷനിൽ നിന്ന് മടങ്ങുന്ന വഴി ഇന്ധനം നിറയ്ക്കാൻ പെട്രോൾ പമ്പിൽ നിർത്തിയപ്പോഴാണ് വഴിത്തിരിവുണ്ടായത്. മൊബൈൽ ഫോണിലെ ഫൈൻഡ് മൈ ആപ്പ് വഴി പരിശോധിച്ചപ്പോൾ ലാപ്ടോപ്പ് സമീപത്തെ ഒരു പ്രത്യേക ലൊക്കേഷനിൽ ഉള്ളതായി കണ്ടെത്തി. അപകടസാധ്യതയുണ്ടായിട്ടും ഇരുവരും ലൊക്കേഷൻ കാണിച്ച സ്ഥലത്തേക്ക്  പോകാൻ തീരുമാനിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ള ചില യുവാക്കൾ താമസിക്കുന്ന സ്ഥലമാണെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകിയെങ്കിലും  പിന്മാറിയില്ല. 

ടെറസിൽ മോഷ്ടാക്കൾ ബാഗ് ഒളിപ്പിക്കാൻ ശ്രമിക്കുന്നത് ഭർത്താവിന്റെ ശ്രദ്ധയിൽ പെട്ടു. ഇവരെ കണ്ടതോടെ മോഷ്ടാക്കൾ പിന്മാറിയതിനാൽ ലാപ്ടോപ്പ് അടങ്ങിയ ബാഗ് സുരക്ഷിതമായി വീണ്ടെടുക്കാൻ ഇരുവർക്കും സാധിച്ചു. പോലീസെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ENGLISH SUMMARY:

Delhi University theft incidents are raising serious concerns about safety in the capital, following a recent car break-in at Maitreyi College where a professor's laptop containing crucial PhD research data was stolen. The victim, devastated by the loss of six years of hard work, was eventually able to recover the laptop using a 'Find My' app, highlighting the vulnerability of academic data and the critical need for enhanced security measures.