cpm-member-stabbed

കണ്ണൂര്‍ മയ്യിലില്‍ സി.പി.എം.പ്രവര്‍ത്തകന് കുത്തേറ്റു. മുല്ലക്കൊടി അരിമ്പ്ര സ്വദേശി പി.പി.പ്രകാശിനാണ് കുത്തേറ്റത്. പിന്നില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവാണെന്ന് സി.പി.എം ആരോപിച്ചു. വോട്ടെടുപ്പിന് ശേഷം ബൂത്തിലുണ്ടായ പ്രശ്നത്തിന് പിന്നാലെയുണ്ടായ തർക്കം തടുക്കാൻ ശ്രമിച്ച സി.പി.എം പ്രവർത്തകനായ പ്രകാശിന് കുത്തേറ്റത്. വയറിന്‍റെ ഇടതുഭാഗത്തായിട്ടാണ് കുത്തേറ്റത്.

വൈകുന്നേരം ആറരയോടെ കൂടി മുല്ലക്കൊടി യു.പി സ്കൂളിന് സമീപത്താണ് സംഘര്‍ഷമുണ്ടായത്. കോണ്‍ഗ്രസ് നേതാവായ പി. കൃഷ്ണനെതിരെയാണ് ആരോപണം. ഇത്തരം പ്രവണതയെ പ്രതിരോധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. കോൺഗ്രസുകാർ ഗുണ്ടാ സംഘങ്ങൾക്ക് പിന്തുണ നൽകുന്നു. ആർഎസ്എസുകാരെ പോലെയാണ് കോൺഗ്രസുകാർ പെരുമാറുന്നത്. തർക്കം ഉണ്ടായപ്പോൾ സമാധാനിപ്പിക്കാൻ പോയ ആളെയാണ് കുത്തിയതെന്നും  എം.വി ഗോവിന്ദന്‍ പറഞ്ഞു. 

വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷമുണ്ടായി. മലബാര്‍ മേഖലയിലാണ് കൂടുതല്‍ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തത്. പേരാവൂരിലും കാസർകോട് ഉദിനൂരിലും വോട്ടിങ്ങിനിടെ യു.ഡി.എഫ് ബൂത്ത് ഏജന്‍റിനുനേരെ നായികുരുണപൊടി പ്രയോഗിച്ചെന്നെന്ന് പരാതി ഉയര്‍ന്നു. പലയിടത്തും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.  കാസർകോട് വനിതാ ഏജന്റിനെതിരെയായിരുന്നു നായികുരുണപൊടി പ്രയോഗം. കോഴിക്കോട് നാദാപുരത്ത് കള്ളവോട്ടിനെച്ചൊല്ലി യുഡിഎഫ് –എല്‍ഡിഎഫ് സംഘര്‍ഷമുണ്ടായി. ഉദിനൂരിൽ യുഡിഎഫ് പ്രവർത്തകനെ എല്‍ഡിഎഫ്  പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിച്ചെന്ന് പരാതി. തെളിവായി ദൃശ്യങ്ങളും പുറത്തിവിട്ടു. 

തളിപ്പറമ്പ് മാവിച്ചേരിയിൽ പോളിങ്ങ് ഏജൻ്റുമാർക്ക് ഭക്ഷണവുമായി പോയ യുഡിഎഫ് പ്രവർത്തകരെ മർദിച്ചെന്നും ആരോപണമുയർന്നു. തൃക്കരിപ്പൂരിൽ സിപിഎം പ്രവർത്തകർ വധഭീഷണി മുഴക്കിയെന്ന് എൻഡിഎ സ്ഥാനാർഥി പരാതി നൽകി. തിരൂരിൽ പോളിങ്ങിനിടെ എട്ട് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ തിരൂർ പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പോളിംഗ് ഓഫീസർ താമരക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടെന്നാരോപിച്ച് വയനാട് പനമരത്തും യുഡിഎഫ് പ്രതിഷേധിച്ചു. കാസർകോട്  ഉദുമയിൽ  ക്യാമറയുള്ള കണ്ണട ധരിച്ച് പോളിംഗ് ബൂത്തിലെത്തിയ യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റിന്റെ കണ്ണട പൊലീസ് പിടിച്ചെടുത്തു. 

സ്ഥാനാർഥി ബൂത്ത് സന്ദര്‍ശിക്കുന്നത് തടഞ്ഞതിനെച്ചൊല്ലി ആലുവയില്‍ എന്‍ഡിഎ പ്രതിഷേധിച്ചു. കുന്നത്തുനാട് ദൂരപരിധി പാലിക്കാതെ  പാർട്ടി കൌണ്ടർ നിർമിച്ചുവെന്ന് ആരോപിച്ച് എൻഡിഎ -യുഡിഎഫ് പ്രവർത്തകർ പൊലീസുമായി തർക്കിച്ചു. അടൂർ ആലുംമൂട്ടിൽ കൌണ്ടർ കെട്ടുന്നതിനെച്ചൊല്ലിയുള്ള എല്‍ഡിഎഫ് ബിജെപി സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. അടൂരിൽ കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി വോട്ട് ചെയ്യുന്നത് തടയാൻ സിപിഎം പ്രവർത്തകർ എത്തിയതും സംഘർഷാവസ്ഥയുണ്ടാക്കി. 

കോട്ടയം പൂഞ്ഞാറിൽ പോളിങ് സ്റ്റേഷന് സമീപം പാർട്ടി കൌണ്ടർ കെട്ടുന്നതുമായി ബന്ധപ്പെട്ട്  എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും പൊലീസും തമ്മിൽ തർക്കമുണ്ടായി.  പുനലൂരിൽ ബൂത്തിന് സമീപം വോട്ട് പിടിക്കാൻ നിന്നെന്ന് ആരോപിച്ച് എൽഡിഎഫ്- യുഡിഎഫ് കയ്യാങ്കളിയുണ്ടായി. യുഡിഎഫ് സ്ഥാനാർഥിയുടെ പരസ്യം അടങ്ങുന്ന എല്‍ഇഡി വാൾ ബൂത്ത് ഓഫീസിന് മുന്നിൽ പ്രദർശിപ്പിച്ചതിനെ ചൊല്ലി പോത്തൻകോട് പ്ലാമൂട് വാർഡിൽ യുഡിഎഫ്, എൽ ഡി എഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. 

ENGLISH SUMMARY:

Kannur violence erupted where a CPM worker was stabbed in Mayyil, with the party alleging a local Congress leader's involvement. The incident occurred after a dispute following polling issues, and CPM state secretary M.V. Govindan condemned the act, drawing parallels with RSS behavior.