കൊല്ലം നഗരത്തിൽ അസോസിയേഷൻ രൂപീകരിച്ച് ഗുണ്ടകൾ. ഓഫീസ് തുറക്കാൻ പദ്ധതിയിട്ട ഗുണ്ടകള്‍ക്കെതിരെ ഈസ്റ്റ് പൊലീസ് കേസെടുത്തു. തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി യോഗം ചേരുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പൊലീസ് ആറുപേർക്കെതിരെ കേസെടുത്തത്. കൊടും ക്രിമിനലുകളാണ് യോഗത്തിൽ പങ്കെടുത്തതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ജോനകപുറം സ്വദേശി നൗഫൽ (40), ഇരട്ടക്കുളങ്ങര സ്വദേശി മണികണ്ഠൻ (50), ശക്തികുളങ്ങര സ്വദേശി സക്കറിയ (37), മുണ്ടക്കൽ സ്വദേശി ഷെറിൻ (39), പള്ളിത്തോട്ടം സ്വദേശി ഷാനു (28), കടപ്പാക്കട സ്വദേശി നിസാമുദ്ദീൻ (53) എന്നിവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ബിഎൻഎസ് സെക്ഷൻ 192 വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്.
വ്യത്യസ്ത ദിവസങ്ങളിലായി മുണ്ടയ്ക്കൽ ഭാഗത്തുവെച്ചാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. ഒന്നാം പ്രതി സുഹൃത്തിന്റെ വീട്ടിൽ വെച്ച് പിസ്റ്റൾ പിടിച്ചുനിൽക്കുന്ന ചിത്രങ്ങൾ പ്രതികൾ പകർത്തിയിരുന്നു. കൂടാതെ, കൊല്ലം ശാരദാ മഠത്തിന് സമീപം 'ഗുണ്ടാ അസോസിയേഷൻ' ഓഫീസ് തുറക്കുന്നുവെന്ന വ്യാജേന വീഡിയോകൾ ചിത്രീകരിക്കുകയും റോഡിൽ ഉച്ചത്തിൽ പാട്ട് വച്ച് നൃത്തം ചെയ്യുകയും ചെയ്തു. സമൂഹത്തിൽ പ്രകോപനവും ഭീതിയും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദൃശ്യങ്ങൾ സോഷ്യൽ മിഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.