ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍. മലപ്പുറം അരീക്കോട് സ്വദേശി ഷെരീഫ് പിടിയിലായത് ബെംഗളൂരുവില്‍ നിന്നാണ്. ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ പോയതായിരുന്നു. 2013ല്‍ ഭാര്യയെയും മക്കളെയും വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ തള്ളിയിട്ടുകൊന്നുവെന്നതാണ് കേസ്. കൊലക്കേസിൽ 7 മാസം ജയിലിൽ കിടന്ന പ്രതി ജാമ്യം കിട്ടി പുറത്തുവന്ന ശേഷം മുങ്ങുകയായിരുന്നു.
2012 ജൂലൈ 21ന് രാത്രി 2 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫാണ് ഭാര്യ ഒളവട്ടൂർ മായങ്കരതടത്തിൽ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (4), ഹൈഫ (രണ്ട്) എന്നിവരെ വെള്ളക്കെട്ടിൽ തള്ളിയിട്ടു കൊലപ്പെടുത്തിയത്. പെരുന്നാളിന് വസ്ത്രങ്ങളെടുത്ത ശേഷം കുടുംബവുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടെ, ടയർ പഞ്ചറായാണ് അപകടമുണ്ടായതെന്നാണ് ഷരീഫ് പറഞ്ഞിരുന്നത്. മരിച്ച രണ്ട് വയസ്സുകാരിയുടെ ഹൈഫയുടെ മൃതദേഹവുമായി സമീപത്തെ വീട്ടിലെത്തി ഇയാൾ തന്നെയാണ് സംഭവം പുറത്തറിയിച്ചത്.
എന്നാൽ, പിന്നീട് നടത്തിയ അന്വേഷണത്തിൽ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൂട്ടക്കൊലയാണെന്ന് വ്യക്തമായി. ഭാര്യയുടെ പേരിൽ എടുത്ത പത്തു ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക സ്വന്തമാക്കി പുതിയ വിവാഹം കഴിച്ചു ജീവിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പൊലീസ് കണ്ടെത്തി. ഹീനമായ കുറ്റകൃത്യം നടന്ന് 76–ാം ദിവസം അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഇതിനിടെ, പ്രതിക്ക് ജാമ്യം ലഭിച്ചു. മഞ്ചേരി സെഷൻസ് കോടതിയിൽ കുറ്റപത്രം വായിച്ചു കേൾക്കാനായി പ്രതി ഹാജരായിരുന്നു.
2015 ഏപ്രിൽ 22ന് മുങ്ങിയതിനു ശേഷം ഇയാളെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. ദുരന്തത്തിന്റെ ഞെട്ടലിൽ നിന്ന് ഇനിയും മോചിതരായിട്ടില്ലാത്ത സാബിറയുടെ കുടുംബം നീതി തേടി മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. ബെംഗളൂരുവിൽ ഒളിവിൽ കഴിയുമ്പോഴാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്.